ലേഖനം
ആധുനികതയുടെ ബലതന്ത്രങ്ങളില്‍ പിന്‍തള്ളപ്പെട്ട പശ്ചിമകൊച്ചി
പശ്ചിമകൊച്ചിയുടെ ചരിത്രം 5
ഡോ. സിനി സന്തോഷ്
തുറമുഖം, വാണിജ്യകേന്ദ്രം, രാജധാനി, യൂറോപ്യന്‍ ആധിപത്യപ്രദേശം, ആഗ്ലോഇന്ത്യാക്കാരുടെ ഉത്ഭവദേശം, ജൂതരുടെ പുനരധിവാസകേന്ദ്രം എന്നീ നിലകളിലെല്ലാം പശ്ചിമകൊച്ചി ചരിത്രഭാഗമായിട്ടുണ്ട്. രാജഭരണം, വാണിജ്യം, യൂറോപ്യന്‍ ആഗമനം എന്നിവ നിര്‍മ്മിച്ചെടുത്ത വ്യത്യസ്ത സംസ്കാരങ്ങള്‍ സമകാലികമായി സഞ്ചരിച്ചിരുന്നുവെങ്കിലും ഈ സംസ്കാരരൂപങ്ങള്‍ തമ്മില്‍ സങ്കലനം നടന്നിട്ടില്ല. ആംഗ്ലോഇന്ത്യക്കാരില്‍ പോലും സംഭവിച്ചത് സങ്കലനമല്ല മറിച്ച് പാശ്ചാത്യസംസ്കാരത്തിന്‍റെ സ്വാംശീകരണമായിരുന്നു.
നിരവധി സമൂഹങ്ങളുടെ സംഗമദേശമാണ് പശ്ചിമകൊച്ചി. ദേശവും ഭാഷയും വേറിട്ടുനിര്‍ത്തുന്ന ഇവിടുത്തെ സമൂഹങ്ങള്‍ അവരവരുടേതായ സ്വത്വങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ കുടിയേറ്റസമൂഹവും സ്വയം പൂര്‍ണ്ണമാണെങ്കിലും പ്രദേശം വിനിമയം ചെയ്യുന്ന പൊതുരീതികള്‍ക്കനുസൃതമായി സ്വന്തം ആചാരാനുഷ്ഠാനങ്ങളിലും ജീവിതശൈലിയിലും ചെറിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ആചാരങ്ങളിലെ വൈവിധ്യവും വൈവിധ്യങ്ങള്‍ക്കിടയിലെ സമാനതയും ഇവിടെ ദൃശ്യമാണ്.
മദ്ധ്യകാലത്തെ പ്രധാന തുറമുഖമായി ഈ പ്രദേശം ഉയര്‍ച്ച പ്രാപിച്ചെങ്കിലും കോഴിക്കോട്, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലേതുപോലെ ശക്തമായ രാഷ്ട്രീയവ്യവസ്ഥയോ ഭരണസംവിധാനമോ കൊച്ചിക്കുണ്ടായിരുന്നില്ല. സാമൂതിരിയുടെ സാമന്തന്‍ എന്ന നിലയിലുള്ള നാമമാത്ര അധികാരമായിരുന്നു കൊച്ചിരാജാവിന്‍റേത്. ഇത് ഇതര ദേശക്കാര്‍ക്കും വാണിജ്യസമൂഹങ്ങള്‍ക്കും ഇവിടേക്കുള്ള കുടിയേറ്റം എളുപ്പമാക്കി.
കടല്‍വെയ്പുദേശമായ കൊച്ചിയിലെ ആദ്യകാലകുടിയേറ്റക്കാരായ മുക്കുവര്‍ക്ക് സുദൃഢമായ ഒരു സാംസ്കാരികപാരമ്പര്യമോ ചരിത്രമോ അവകാശപ്പെടാനുണ്ടായിരുന്നില്ല.മിത്തുകളുടെ ചരിത്രബന്ധംപോലും യൂറോപ്യന്‍ കാലഘട്ടത്തിനപ്പുറം പോകുന്നില്ല എന്നതിനാല്‍ രൂഢമൂലമായ ഒരു സംസ്കാരം ഈ പ്രദേശത്ത് രൂപപ്പെട്ടിരുന്നില്ലെന്ന് കരുതാം.
ശക്തമായ ഒരു സാംസ്കാരിക സ്വത്വം നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് കുടിയേറുന്ന ഇതരസംസ്കാരങ്ങള്‍ തദ്ദേശീയ സംസ്കാരത്തിന് അധീനമാകുകയോ അല്ലെങ്കില്‍ ബഹിഷ്കരിക്കപ്പെടുകയോ ചെയ്യും. ഇതില്‍നിന്ന് ഭിന്നമായി സ്വന്തം സ്വത്വത്തില്‍ കുടിയേറ്റ സമൂഹത്തിന് ദീര്‍ഘകാലം ഇവിടെ നിലനില്‍ക്കാന്‍ സാധിച്ചത് ആഴത്തില്‍ വേരൂന്നിയ ഒരു തനതുസംസ്കാരം ഈ പ്രദേശത്തിനുണ്ടായിരുന്നില്ല എന്നതിന് തെളിവാണ്.
കുടിയേറ്റസമൂഹങ്ങള്‍ പഠിതപ്രദേശത്ത് എത്തിയതും നിലനിന്നതും സ്വന്തം ജീവനോപാധിയോടൊപ്പം പൊതുസമൂഹത്തിന്‍റെ ആവശ്യപൂര്‍ത്തികരണലക്ഷ്യംകൂടി നിറവേറ്റിക്കൊണ്ടാണ് ഇവരുടെ അനിവാര്യത സമൂഹത്തിന് ആവശ്യമാകുന്നിടത്തോളം ഇവര്‍ക്ക് സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചുനില്‍ക്കാമെന്നും അല്ലാത്തപക്ഷം പൊതുസമൂഹം ഇവരെ തിരസ്കരിക്കുമെന്നും വ്യക്തമാണ്.
പൊതുവെ കുടിയേറ്റങ്ങളില്‍ കണ്ടുവരാറുള്ള ആദാനപ്രദാനങ്ങള്‍ ഈ പ്രദേശത്ത് കണ്ടെത്താനാവില്ല. കുടിയേറ്റ സമൂഹങ്ങളില്‍നിന്ന് പലതും ഇവിടുത്തെ ജനത ഉള്‍ക്കൊണ്ടിട്ടുണ്ട്. ആഭരണങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങളിലെ സ്വാധീനം എന്നിവ ഉദാഹരണങ്ങളാണ്. വേഷവിധാനത്തിലുള്ള അനുകരണം മാത്രമാണ് ഇവിടുത്തെ സമൂഹത്തില്‍നിന്ന് കുടിയേറ്റസമൂഹം സ്വീകരിച്ചിട്ടുള്ളത്. കുടിയേറ്റ സമൂഹങ്ങൾക്കിടയില്‍ നിന്നും നിരവധി പൊതുസാമ്യങ്ങള്‍ കണ്ടെടുക്കുവാന്‍സാധിക്കും.
അനുഷ്ഠാന-അനുഷ്ഠാനേതര കലാരൂപങ്ങള്‍, പ്രാദേശികആഘോഷങ്ങള്‍, വിനോദങ്ങള്‍ എന്നിവയിലൂടെ കണ്ടെടുക്കുന്ന സ്വത്വങ്ങള്‍ വ്യത്യസ്ത സാംസ്കാരികമണ്ഡലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. കാര്‍ണിവല്‍, ഗുജറാത്തി ഹോളി, കൊങ്കണിഹോളി എന്നിവയിലെ വൈവിധ്യങ്ങള്‍, അവയ്ക്കുപരി ഇവയില്‍നിന്ന് കണ്ടെടുക്കാൻ സാധിക്കുന്ന പൊതുസാമ്യങ്ങള്‍ എന്നിവയിലെല്ലാം വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള കൊള്ളല്‍ കൊടുക്കലുകളാണ് വ്യക്തമാകുന്നത്. എന്നാല്‍ അന്നക്കളിതീണ്ടിപടയണി എന്നകലാരൂപത്തില്‍ മാത്രമേ തദ്ദേശീയസ്വാധിനം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. കൊങ്കണിഹോളിയിലെ ഹിന്ദു-ബുദ്ധസംഘര്‍ഷത്തിന്‍റെ പ്രതിരൂപമായ ബോധന്‍ സങ്കല്പം ദേശകാലങ്ങള്‍ക്കപ്പുറമുള്ള മാനവികസംഘര്‍ഷങ്ങളെ പ്രതീകവത്കരിക്കുന്നു.
കേരളത്തിന്‍റെ പൊതുരീതിയില്‍നിന്ന് വ്യത്യസ്തമാണ് മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പ്രദേശങ്ങള്‍. കല്‍വത്തികനാലിനാല്‍ വേര്‍തിരിക്കപ്പെടുന്ന ഈ രണ്ടുപ്രദേശങ്ങളിലും വ്യത്യസ്ത സംസ്കാരങ്ങളാണ് നിലനില്‍ക്കുന്നത്. നാലുനൂറ്റാണ്ടിലധികം നിലനിന്ന യൂറോപ്യന്‍ സ്വാധീനം നേടിക്കൊടുത്ത പാശ്ചാത്യസംസ്കാരമാണ് ഫോര്‍ട്ടുകൊച്ചിയുടേത്. രാജാവിന്‍റെ നിയന്ത്രണത്തിന്‍കീഴിലായിരുന്നു മട്ടാഞ്ചേരിപ്രദേശം. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളധികവും കേന്ദ്രീകരിച്ചിരുന്നത് മട്ടാഞ്ചേരി പ്രദേശത്തായതിനാല്‍ ഏതെങ്കിലുമൊരു പ്രത്യേക സംസ്കാരത്തിന്‍റെ സ്വാധീനം ഇവിടെ ദൃശ്യമല്ല. പശ്ചിമകൊച്ചിയുടെ പൊതു സംസ്കാരം പ്രതിഫലിപ്പിക്കുന്നത് മട്ടാഞ്ചേരിയാണ്.
മുക്കുവഗ്രാമത്തില്‍നിന്ന് ആധുനിക കാലത്തിലേക്കുള്ള വളര്‍ച്ച പശ്ചിമകൊച്ചി പ്രദേശത്തിന് നേടിക്കൊടുത്തത് മിശ്രസംസ്കാരമാണ്. ആദാനപ്രദാനങ്ങളുടെ അഭാവം സംസ്കാരസങ്കലനത്തിനോ അതുവഴി തനത് സംസ്കാരരൂപീകരണത്തിനോ വഴിവച്ചില്ല.
അടിസ്ഥാനകുടിയേറ്റ ജനതയായ മുക്കു വരുടെ സംസ്കാരവും ജീവനോപാധിയും ആധുനികതയുടെ തിക്കിലും തിരക്കിലും നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാം.
പശ്ചിമകൊച്ചിയിലെ മത്സ്യബന്ധനമേഖല ആധുനികരീതിയില്‍ പരിപോഷിപ്പിക്കപ്പെട്ടെങ്കിലും കൊതുമ്പുവഞ്ചി, കുട്ടവഞ്ചിപോലുള്ള ചെറുവഞ്ചികളും അവ ഉപയോഗിച്ചുള്ള വലവീശല്‍, ചൂണ്ടയിടല്‍ തുടങ്ങിയ പരമ്പരാഗതരീതിയും നിലനില്‍ക്കുന്നു.
പശ്ചിമകൊച്ചിയുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പരിണാമങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ ജനനി, ജീവനോപാധി, സഞ്ചാരമാര്‍ഗം, സംസ്കാരപാത, സാമ്പത്തികസാധ്യത തുടങ്ങിയ വ്യത്യസ്ത തലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ‘കടൽ ‘ഈ പ്രദേശത്തിന്‍റെ സൂഷ്മസാന്നിദ്ധ്യമായി നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്. ആധുനികതയുടെ ബലതന്ത്രങ്ങളില്‍ പിന്‍തള്ളപ്പെട്ട പശ്ചിമകൊച്ചി ഇന്ന് എറണാകുളംനഗരത്തിന്‍റെ പ്രാന്തപ്രദേശം മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.
(അവസാനിച്ചു)
ഡോ. സിനി സന്തോഷ്: കൊച്ചി കസ്റ്റംസിൽ ജോലി ചെയ്യുന്നു. എം.ജി സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം. തലയോലപ്പറമ്പ് സ്വദേശി.
littnow.com
design: Sajjaya kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
കെ ജി എസ്
April 13, 2022 at 2:29 am
കൊച്ചിപഠനം നന്നായി. കൂടുതൽ വേണം. വർത്തമാന കാലത്തെ കൊച്ചിയുടെ സാമ്പത്തിക സാംസ്കാരിക സാമൂഹിക പാരിസ്ഥിതിക സാധനങ്ങളും പരിഹാര സാധ്യതകളും ആഴത്തിൽ പഠിക്കപ്പെടണം. തീരദേശത്തെ പാവപ്പെട്ടവരുടെ ജീവിത സമരം പ്രത്യേകിച്ചും. ഡോ. സിനി കൊച്ചിയെ കൂടുതൽ അറിയുമെന്നും ലോകത്തെ അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കെ ജി എസ്
തൃശൂർ