ലേഖനം
അവർ സ്വയം ‘നയിച്ചിറ്റ്’ചരിത്രമായ കഥ

ഡി.പ്രദീപ് കുമാർ
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
(നോവൽ)
ആർ.രാജശ്രീ
പേജ് 272, വില 300 രൂപ
മാതൃഭൂമി ബുക്സ്

ഫേസ്ബുക്കിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നോവൽ, 2019 ഒക്ടാബറിൽ പുസ്തകമാക്കി മൂന്ന് മാസത്തിനകം ആറു പതിപ്പുകളിറക്കി റെക്കാർഡ് സൃഷ്ടിച്ച രചനയാണ്.അതിനു കാരണം, മലയാള നോവൽസാഹിത്യത്തിലെ നമ്മൾ സഞ്ചരിച്ച വഴികളിലെല്ലാം ബുൾഡോസറിറക്കി, രാജശ്രീയുടെ കൃതി ‘കീഞ്ഞ് പാഞ്ഞ് ‘ പോകുന്നതാണ്.
കഥാപരിസരം അരനൂറ്റാണ്ടിനു മുൻപുള്ള കേരളമാണെങ്കിലും, കല്ല്യാണിയും ദാക്ഷായണിയും മാത്രമല്ല,കഥാപാത്രമായി വരുന്ന ആഖ്യാതാവും ‘തുള്ളിച്ചി’കളാണ്. അവർ തങ്ങളുടെ ‘പുരുവൻമാരു’ടെ പരിവൃത്തത്തിൽ നിന്ന് പുറത്തു വന്ന്, സ്വന്തം കാലിൽ നിവർന്ന്നിന്ന്, സ്ത്രീയുടെ കർതൃത്വം ഉയർത്തിപ്പിടിക്കുന്നവരാന്ന്. ഈ നാട്ടുപെണ്ണുങ്ങൾ ചെത്തിമിനുക്കാത്ത ഭാഷയിൽ സംസാരിക്കുകയും, മനസാക്ഷിക്ക് നിരക്കുന്ന പോലെ ജീവിക്കുകയും,ചിലർ ലൈംഗികത പോലും ഉത്സവമാക്കുകയും ചെയ്ത്, ആണധികാരത്തെ ഉല്ലംഘിക്കുന്നുണ്ട്.,
സ്ത്രീയുടെ സ്വയംനിർണ്ണയാവകാശത്തെക്കുറിച്ചുള്ള താത്ത്വിക പ്രതിസന്ധികളൊന്നും ബാധിക്കാതെ തന്നെ.
ഉത്തര മലബാറിലെ 1950തുകളിലെ, പാർശ്വവല്കൃത സാമൂഹിക ജീവിതത്തിൻ്റെ ബഹുതല സ്പർശിയായ സ്ത്രീവായനയാണിത്. തെക്കൻ കേരളത്തിലെ സ്ത്രീ ജീവിതത്തിലൂടെയും നോവൽ സഞ്ചരിക്കുന്നുണ്ട്.അവരുടെ ആന്തരിക ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ,അവരുടെ സ്വത്വ പ്രകാശനത്തിൻ്റെ ചൈതന്യം മുഴുവൻ നിറച്ച നാട്ടുഭാഷയാണ് ഈ നോവലിൽ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നത്.
‘മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ, പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ, ‘നീയ് പുയ്ത്ത് പോവ്വടാ നായീൻ്റെ മോനേ’ എന്ന് അനുഗ്രഹിച്ച്,ക്ലാസിൽ നിന്ന് ഇറങ്ങിയതാണ് ദാക്ഷായണി. ഒരു മോറൽ സപ്പോർട്ടിന് കല്യാണിയേച്ചിയും കൂടെയിറങ്ങി’.
പ്രസവരക്ഷയും, പ്ലൈവുഡ് കമ്പനിപ്പണിയുയാക്കെയായി കഴിഞ്ഞ ദാക്ഷായണിക്ക് ‘പുരുവനാ’യി കിട്ടിയത്, മദിരാശിയിൽ ആണി ബിസിനസ് ചെയ്യുന്ന ഒരു കൊല്ലംകാരനെ. കല്യാണിക്ക് പുരുവ നായിവന്നത് മരം കച്ചവടക്കാരൻ കോപ്പുകാരൻ നാരായണൻ .ചെറുപ്പം മുതൽ വിയർപ്പ് പൊടിഞ്ഞ് ‘നയിച്ചിറ്റ്’,സ്വന്തം കാലിൽ നില്ക്കാൻ ശീലിച്ച രണ്ടാൾക്കും ദാമ്പത്യം കയ്പേറിയതായി.തുറസ്സുകളിൽ ജീവിച്ച അവർക്ക്,മനസ്സിൻ്റേയും ശരീരത്തിൻ്റേയും കാമനകളെ ഒളിച്ചു വക്കാനായില്ല. അത്രക്കും പച്ചയായ മനഷ്യരാണ് ഈ സ്ത്രീകൾ .തൻ്റെ ശരീരത്തിന് ‘പൈശയെല്ലാം നന്നഞ്ഞപോലൊരു മണ’മുണ്ടാകുമെന്ന് പറഞ്ഞ കോപ്പുകാരനെ കട്ടിലിൽ നിന്ന് തൊഴിച്ചെറിഞ്ഞ്, മുട്ടനൊരു തെറി വാക്ക് പറഞ്ഞ് കല്യാണി ദാമ്പത്യം അവസാനിപ്പിച്ചതിങ്ങനെ: ‘ കൊണ്ടു ച്ചാടിയാടട്ടെ, നനഞ്ഞ ബെളക്ക്ത്തിരി പൊലത്തെ സാതനം, കുരിപ്പ്!’
അവൾ ഭർത്താവിൻ്റെ അനിയൻ ലക്ഷ്മണനെ സ്നേഹിക്കുകയും അയാളിൽ പടർന്നുകയറുകയും, അതിലുണ്ടായ മകനോട് ,പിന്നീട്, അവൻ്റെ അച്ഛൻ കോപ്പുകാരൻ നാരായണല്ലെന്ന് അലറി വിളിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.
ചിരിക്കാനറിയുന്ന,സ്ത്രീകളെ മാനിക്കാനറിയുന്ന, പുരുഷൻമാരുണ്ടെന്നും, സ്ത്രീകൾക്ക് വിഷമം കാണുമ്പോൾ അവർ മിണ്ടാതെ അടുത്തുവന്നിരിക്കുമെന്നും അത്തരക്കാരെ തനിക്കിഷ്ടമാണെന്നും കല്യാണിയുമായി നടത്തുന്ന സംഭാഷണത്തിൽ ആഖ്യാതാവ് വ്യക്തമാക്കുനന്നുണ്ട്,ആദ്യ അദ്ധ്യായത്തിൽ.അതിന് കല്യാണി പറയുന്ന മറുപടി അവരുടെ സ്വത്വപ്രഖ്യാപനമാണ്: ” ഉയ് ശെൻ്റപ്പാ,അയിറ്റാലൊന്നിന അട്ത്ത ജമ്മത്തിലെങ്കം അനക്ക് കിട്ടീനെങ്കില്. പണീം അറീല്ല, പണിക്കോലൂല്ലെങ്കിലും ഞാൻ സയിച്ചിനേനും”
മാസത്തിലെ ആദ്യ ശനിയാഴ്ച ‘ഒറങ്ങാനായിറ്റ്’ വന്ന്,തിരികെ പോകുമ്പോൾ,
താൻ ‘നയിച്ചിറ്റ്’ ഉണ്ടാക്കുന്ന കാശ്, എണ്ണി വാങ്ങിക്കുന്നത് ശീലമാക്കിയ പുരുവനെ ദാക്ഷായണി പുറത്താക്കുന്നതിങ്ങനെ, മുടി അഴിച്ചിട്ട് അലറിയാണ് :’ഇവൻ്റെ പണിക്കാ ഞാൻ പൈശ അങ്ങോട്ട് കൊടുക്കണ്ട്? എന്നാ അയിന് കൊള്ളുന്ന ആരിക്കെങ്കം കൊടുത്തുടെ അനക്കത്? കുരിപ്പ്’.
പൊതുവേ ദുർഗ്രഹമായ കണ്ണൂരിലെ ഉൾനാടൻ ഗ്രാമങ്ങളിലെ നാട്ടുഭാഷ, അതിൻ്റെ സർവ്വശക്തിയും സൗന്ദര്യവുമാവാഹിച്ച്,കല്യാണിയുടേയും ദാക്ഷായണിയുടേയും മാത്രമല്ല, ചേയിക്കുട്ടി എന്ന കല്യാണിയുടെ അമ്മായി അമ്മയുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും ജീവിതങ്ങളെ സൂക്ഷ്മതലത്തിൽ സമഗ്രതയോടെ രേഖപ്പെടുത്തുന്നുണ്ട്. ദേശത്തിൻ്റേയും കാലത്തിൻ്റേയും വൈവിദ്ധ്യപൂർണ്ണമായ മുദ്രകളാൽ സമ്പന്നമാണവ.
തക്കിച്ചി, പയിപ്പ്, തുന്ത, ഒരം, കളത്ത്, ബാച്ചം, ബായി, ബേള, മാച്ചി, പയിപ്പ് തുടങ്ങിയ ധാരാളം പ്രാദേശിക പദങ്ങളും, മണിങ്ങീറ്റ് ചെയ്യണ്, കെരണ്ട് കീഞ്ഞ്, പയ് കാളുമ്പോലെ,തിറം വച്ച് തുടങ്ങിയ പ്രയോഗങ്ങളും നിറഞ്ഞ നോവലിൽ, അക്കാലത്തെ ജീവിതരീതികൾ ,ആചാരാനുഷ്ഠാനങ്ങൾ, ഭക്ഷണക്രമങ്ങൾ, സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ എല്ലാം ജൈവികമായി കടന്നു വരുന്നുണ്ട്.
പുരാവൃത്തങ്ങളിൽ നിന്ന് അരൂപികളും, യക്ഷികളും, ഗുണികനും, ചോനമ്മ കോട്ടമ്മയും കൂലോത്തമ്മയും കുന്നേൽ തന്ത്രിയും മാത്രമല്ല,കടിഞ്ഞൂൽ പുത്രനെ പെറ്റിട്ടശേഷം,വേതവെള്ളം തിളച്ചു കൊണ്ടിരിക്കെ, കശുമാവിൻ തോട്ടത്തിലെ ‘പൊട്ടക്കെരണ്ടി’ൽ ചാടിച്ചത്ത, ചേയിക്കുട്ടിയുടെ ‘ബല്ല്യേച്ചി’യുമുണ്ട്. ‘ ചേയിയാ… കുഞ്ഞിക്ക് മുത്താറികൊടുത്തിനാ?അൻെറ മോനോട് ത്തെന്നേ?’, എന്നൊക്കെ ചോദിച്ച് എത്തുന്ന ‘ബല്ല്യേച്ചി’യുമായി അവർ മിക്കപ്പോഴും ദീർഘസംഭാഷണങ്ങളിലേർപ്പെടാറുമുണ്ട്.
മലയാളത്തിൽ പൂർവ്വ മാതൃകയില്ലാത്ത ശില്പഘടനയാണ് ഈ നോവലിൻ്റേത്. ആഖ്യാതാവ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് കഥാപാത്രങ്ങളുമായി സംസാരിക്കുകയും സൂത്രധാരയായി മാറുകയും ചെയ്യുന്നു മുണ്ട്. ചിലപ്പോഴൊക്കെ ദാക്ഷായണിയുടെ പശുക്കളും കഥയിൽ ഇടപെടുകയും നിരീക്ഷണങ്ങൾ നടത്തുകയും, സംഭവവികാസങ്ങൾ അവലോകനം നടത്തുകയും ചെയ്യുന്നു.
പൊരുത്തപ്പെടാനാകാത്ത ഭർത്താവുമായി പിരിയാൻ നിശ്ചയിച്ച,ഒരു കുട്ടിയുടെ അമ്മയായ,ഗർഭിണിയായ ആഖ്യാതാവ് ‘കണ്ണും മീടും ബീങ്ങി’,കല്യാണിയുമായി നടത്തുന്ന സംഭാഷണത്തോടെയാണ് നോവൽ തുടങ്ങുന്നത്. തുടർന്ന്, മനശാസ്ത്രജ്ഞൻ ആവശ്യപ്പെട്ടതനുസരിച്ച് അവർ പറയുന്നതാണ്, കല്ല്യാണിയുടേയും ദാക്ഷായണിയുടേയും അവരുമായി ബന്ധപ്പെട്ട ധാരാളം പച്ചമനുഷ്യരുടെയും ‘കത’.
കഥാപാത്രമായ ആഖ്യാതാവിന് ‘പതം പെറുക്കലുകൾ’ നിശ്ചയമില്ലത്രെ.ഇടയ്ക്കിടെ കണ്ണൂരിൻ്റേയും, ദാക്ഷായണിയുടെ പുരുവനായ ആണിക്കാരൻ്റെ നാടായ ശൂരനാട്-മാവേലിക്കര ഭാഗങ്ങളിലെ ഓണാട്ടുകരയുടേയും ഭാഷയും പ്രാദേശിക ശൈലികളും ഉപയോഗിക്കുമെങ്കിലും, ഇപ്പോഴത്തെ മാനകഭാഷ അസാധാരണമായ ഉപഹാസത്തോടെ സമൃദ്ധമായി നിറച്ചിട്ടുണ്ട് ,ഈ രചനയുടെ ആഖ്യാനത്തിലുടനീളം. നോക്കുക: ‘ഭാര്യ എന്തെങ്കിലും പറയുന്നതിന് ഭർത്താവ് ശിക്ഷയേല്ക്കേണ്ടി വരുന്നതിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ് ഇല്ലായ്മയെക്കുറിച്ച് തൊഴുത്തിൽ നിന്ന പശുക്കൾ കുശുകുശുത്തു’.
‘ അത്യാവശ്യ സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് അവരുടെ മനസ്സ് ശരീരത്തിനും കിടക്കയ്ക്കമപ്പുറത്തേക്ക് ഊരിയിടാൻ പറ്റും. പുലരുമ്പോൾ തിരിച്ചെടുത്തിട്ടാൽ മതി’.
ജനിച്ചു വളർന്ന നാട്ടിൽ നിന്ന്, വിവാഹത്തോടെ പിഴുതെറിയപ്പെടുന്ന പെണ്ണിൻ്റെ അസ്തിത്വ പ്രതിസന്ധിയും ഈ നോവൽ പ്രശ്നവല്ക്കരിക്കുന്നുണ്ട്. സ്ത്രീയുടെ നാട് ,പുരുവൻമാരുടേതാ കണമെന്ന നാട്ടുനടപ്പിനേയും ഈ സ്ത്രീകൾ പൊളിച്ചെഴുതുന്നുണ്ട്. സ്വന്തം ജീവിതത്തിൻ്റെ താക്കോൽ സ്വന്തം കൈയിൽ തന്നെ സൂക്ഷിക്കാൻ അവർക്ക് ആത്മബലം നൽകിയത്, അവർ ‘നയിച്ചിറ്റു’ണ്ടാക്കിയ അനുഭവങ്ങളാണ്.
തെക്കൻ കേരളത്തിലേക്ക് കുറച്ചു കാലം പറിച്ചുനടപ്പെട്ടിട്ടും, തന്നെ പിടിക്കാൻ വന്ന ഭർത്താവിൻ്റെ അച്ഛൻ്റെ മർമ്മത്തിന് നേരെ ചൂണ്ടി,’നിൻ്റെ കുണ്ണ ഞാങ്കരിക്കും നായീൻ്റെ മോനേ” എന്ന് ഒന്നാന്തരം തെക്കൻ ഭാഷയിൽ അലറാൻ ഭാക്ഷായണിയെ പ്രാപ്തയാക്കിയതും ഇതാണ്.
ഭൂമിശാസ്ത്രപരം മാത്രമായിരുന്നില്ല, കേരളത്തിലെ അക്കാലത്തെ തെക്ക്- വടക്ക് വിഭജനം. സാംസ്കാരിക വൈജാത്യത്തിൻ്റെ കൂടി ആഖ്യാനമാണ് ദാക്ഷായണി പറയുന്ന കുഞ്ഞിപ്പെണ്ണെന്ന തെക്കത്തിപ്പെണ്ണിൻ്റെ കഥ. പാവപ്പെട്ട വീട്ടിൽ പിറന്ന അവളെ കല്യാണം കഴിച്ചയച്ചത് ഒരു പട്ടാളക്കാരൻ്റെ വീട്ടിലേക്ക് .1949-ലെ ശൂരനാട് കലാപത്തെ തുടർന്ന് പോലീസിൻ്റെ പിടിയിലായി, ഭീകര മർദനമേറ്റുവാങ്ങിയ ചിത്രസേനനെന്ന ജ്യേഷ്ഠനെക്കൂടി അവളുടെ ഭർത്താവാക്കാൻ മുൻകൈയെടുത്തത് അവരുടെ അമ്മയായിരുന്നു.അവർ വിസ്തരിച്ച് മകനെഴുതുന്നുണ്ട്: ‘… അതു കൊണ്ട് കുഞ്ഞിപ്പെണ്ണിനെ നിൻ്റെ ചേട്ടനൂടെ അന്നഴിക്കുന്ന കാര്യം ആലോചിച്ച് സമ്മതമാണെങ്കിൽ ഒടനെ മറുപടി അയയ്ക്കണം.’
-അങ്ങനെ, ചേട്ടനും അനിയനും കൂടി അവളെ ‘അന്നഴിക്കാൻ ‘ തുടങ്ങിയ കഥയിൽ മുഴുവൻ ഓണാട്ടുകര ഭാഷയാണ്.ഈ ഭാഷാവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് രാജശ്രീയുടെ വിസ്മയകരമായ ഈ നോവൽ .

സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള സ്ത്രീയുടെ ജീവിതത്തെ അതിൻ്റെ സമഗ്രതയിൽ, ഇത്ര ചാരുതയോടെ തുറന്നെഴുതിയ മറ്റൊരു നോവലും നമുക്കില്ല. അതു കൊണ്ടു തന്നെ, ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ അനന്യമായ രചനയാണ്.പെൺമയുടെ നിറലാവണ്യമുണ്ടിതിന്.
ശ്രീനാരായണ ഗുരുവിൻ്റെ സമാധിയെക്കുറിച്ചുള്ള നീചമായ ഒരു അപവാദം ഈ നോവലിലുണ്ട്. പ്രമേയവുമായി ഒരു ബന്ധവുമില്ലാത്ത ഈ ഭാഗം തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു.
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും

ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?

ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.

ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
You must be logged in to post a comment Login