ലേഖനം
ആ സുവര്‍ണ്ണകാലം മടങ്ങിയെത്തുമോ..?
ശ്രീനി ഇളയൂര്‍
മലയാള സാഹിത്യത്തിലും അപസര്‍പ്പക സാഹിത്യത്തിന് (കുറ്റാന്വേഷണ സാഹിത്യം) ഒരു വസന്തകാലമുണ്ടായിരുന്നെന്ന് പുതിയ തലമുറയിലെ വായനക്കാര്‍ ചിലപ്പോള്‍ ഓര്‍ക്കാനിടയില്ല. ആയിരത്തി തൊള്ളായിരത്തി അറുപതോടെ ആരംഭിക്കുകയും തൊണ്ണൂറുകളുടെ മദ്ധ്യംവരെ ആളിക്കത്തുകയും പിന്നീട് ഘട്ടംഘട്ടമായി എരിഞ്ഞടങ്ങുകയും ചെയ്ത ഒരു ഭൂതകാലം മലയാള അപസര്‍പ്പക സാഹിത്യ ശാഖയ്ക്കുണ്ടായിരുന്നു. എഴുപതുകളും എണ്‍പതുകളും മലയാളത്തില്‍ ഡിറ്റക്ടീവ് നോവലുകളുടെ പുഷ്‌കലകാലമായിരുന്നു. മുഖ്യധാരയിലുള്ള ഏത് വാരികകളിലും ജനപ്രിയസാഹിത്യവിഭാഗത്തോടൊപ്പം തന്നെ കുറ്റാന്വേഷണ നോവലുകള്‍ക്കും പ്രാധാന്യം ലഭിച്ചിരുന്ന കാലം. മുഖ്യധാരാ സാഹിത്യത്തില്‍നിന്ന് ഒരു തരത്തിലുള്ള അസ്പൃശ്യതയും കല്പിക്കാതെ വായനക്കാര്‍ ജനപ്രിയസാഹിത്യത്തെയും അപസര്‍പ്പക സാഹിത്യത്തെയും പരിഗണിച്ചിരുന്ന കാലം. ഗ്രാമീണ വായന ശാലകളില്‍ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമടങ്ങുന്ന വായനക്കാര്‍ ആവേശത്തോടെ ഇത്തരം പുസ്തകങ്ങള്‍ക്കായി കയറിയിറങ്ങിയിരുന്ന ഒരു കാലം. പുതിയ ഡിറ്റക്ടീവ് നോവലുകളുടെ വരവിനായി വായനക്കാര്‍ കാത്തിരുന്നൊരു കാലം. നഷ്ടപ്പെട്ട ആ ഭൂതകാലത്തെക്കുറിച്ചുള്ള സ്മരണാഞ്ജലിയാണ് ഈ കുറിപ്പ്.
ആയിരത്തി തൊള്ളായിരത്തി അന്‍പതുകള്‍ മുതല്‍ മലയാളത്തില്‍ കുറ്റാന്വേഷണ നോവലുകളുടെ പ്രചാരം വര്‍ദ്ധിക്കാനാരംഭിച്ചിരുന്നു. 1904ല്‍ രചിക്കപ്പെട്ട ‘ഭാസ്‌കര മേനോന്‍’ മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക കൃതിയായി കരുതപ്പെടുന്നു. ഈ പുസ്തകം രചിച്ചതോ സാക്ഷാല്‍ അപ്പന്‍ തമ്പുരാനും. ‘ഒരു ദുര്‍മരണം’ എന്ന പേരില്‍ ‘രസികരഞ്ജിനി’ മാസികയില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവലാണ് ‘ഭാസ്‌കര മേനോന്‍’ എന്ന പേരില്‍ പുസ്തകമാക്കിയത്. വേങ്ങയില്‍ കുഞ്ഞുരാമന്‍ നായനാര്‍, ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍, എം.ആര്‍.കെ.സി, അമ്പാടി നാരായണ പൊതുവാള്‍ തുടങ്ങിയവരായിരുന്നു ആദ്യകാല അപസര്‍പ്പക എഴുത്തുകാര്‍. എഡ്ഗാര്‍ അലന്‍പോ, ആര്‍തര്‍ കോനന്‍ഡോയല്‍, നഥാനിയല്‍ ഹാത്തോണ്‍ തുടങ്ങിയവരായിരുന്നു ആദ്യകാല അപസര്‍പ്പക എഴുത്തുകാരുടെ പ്രചോദകര്‍. അവര്‍ക്കൊപ്പം ഒ.എം ചെറിയാന്‍, കാരാട്ട് അച്യുതമേനോന്‍, സി.മാധവന്‍ പിള്ള, പി.എസ് നായര്‍, സെഡ്.എം. പാറേട്ട്, ഇ.വി കൃഷ്ണപിള്ള, പോഞ്ഞിക്കര റാഫി എന്നിവരും കുറ്റാന്വേഷണ സാഹിത്യത്തില്‍ കൈവെച്ചവരാണ്. മുഖ്യധാരയില്‍ നോവലുകളും കഥകളും എഴുതുന്നവര്‍ അതോടൊപ്പം തന്നെ അപസര്‍പ്പക കഥകളും എഴുതുന്നതില്‍ അക്കാലത്ത് യാതൊരു വൈമുഖ്യവും കാണിച്ചിരുന്നില്ല. ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍വരെ ഒരു ചെറിയ കൈവഴിയായാണ് മലയാള സാഹിത്യത്തില്‍ കുറ്റാന്വേഷണ ശാഖ നിലകൊണ്ടിരുന്നതെങ്കില്‍ എഴുപതുകള്‍ക്കുശേഷം അതൊരു വലിയ കുത്തൊഴുക്കായി മാറുകയായിരുന്നു. എഴുപതുകള്‍വരെ ആകെ ഇരുന്നൂറോളം കൃതികള്‍ മാത്രമേ ഈ വിഭാഗത്തിലായി രചിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ എഴുപതുകളുടെ തുടക്കം മുതലേ ഈ രംഗത്ത് വലിയൊരു മാറ്റം ദൃശ്യമായി. നീലകണ്ഠന്‍ പരമാര, ബി.ജി. കുറുപ്പ്, അനുജന്‍ തിരുവാങ്കുളം, സി.സി കുറുപ്പ്, എം.ആര്‍. നാരായണ പിള്ള, ബി.ജി. വര്‍മ്മ, ടാറ്റാപുരം സുകുമാരന്‍, സുരേന്ദ്രന്‍ ചേലാട്ട്, മോഹന്‍ ഡി കങ്ങഴ, കോട്ടയം പുഷ്പനാഥ് തുടങ്ങിയവരായിരുന്നു ഈ കാലഘട്ടത്തിലെപ്രധാന അപസര്‍പ്പക എഴുത്തുകാര്‍. ഈ കാലഘട്ടത്തില്‍ കുറ്റാന്വേഷണ കഥകള്‍ക്കും നോവലുകള്‍ക്കുമായി ‘ഡിറ്റക്ടര്‍’ എന്ന പേരില്‍ ഒരു മാസികയും പ്രചാരത്തിലുണ്ടായിരുന്നു. കോട്ടയം പുഷ്പനാഥ് തന്റെ ആദ്യ നോവലായ ‘ചുവന്ന മനുഷ്യന്‍’ ‘മനോരാജ്യം’ വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ പുഷ്പനാഥന്‍ പിള്ള എന്ന പേരില്‍ ഡിറ്റക്ടര്‍ മാസികയില്‍ കുറ്റാന്വേഷണ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
കോട്ടയം പുഷ്പനാഥായിരുന്നു അപസര്‍പ്പക സാഹിത്യത്തില്‍ അക്കാലത്ത് ഏറ്റവുമധികം സംഭാവന ചെയ്ത വ്യക്തി. അദ്ദേഹത്തിന്റേതുമാത്രമായി മുന്നൂറോളം പുസ്തകങ്ങളാണ് വായനക്കാരുടെ കൈകളിലെത്തിയത്. അപസര്‍പ്പക സാഹിത്യത്തോടൊപ്പം മാന്ത്രിക നോവലുകളും പ്രേതനോവലുകളും മറ്റു ഭീതിസാഹിത്യവുമെല്ലാം കരുത്താര്‍ജ്ജിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. കൂടെ എഴുതിത്തുടങ്ങിയവരില്‍ ഏറെപേരും പിന്‍വാങ്ങിയപ്പോഴും കോട്ടയം പുഷ്പനാഥ് അനുസ്യൂതമായി എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.
എന്നാല്‍ തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തില്‍ സാഹിത്യ കുലപതികളും ‘വരേണ്യസാഹിത്യ’ നിരൂപകരും ഒരുപറ്റം വായനക്കാരും ഈ ജനപ്രിയസാഹിത്യത്തെ ‘പൈങ്കിളി’ സാഹിത്യമെന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കുന്നതില്‍ വിജയിച്ചതോടെ മലയാള സാഹിത്യത്തില്‍ ഉച്ചനീചത്വങ്ങള്‍ ദൃശ്യമായി. ഏറെ കാലങ്ങളായി സാഹിത്യചര്‍ച്ചകളില്‍ നിലനിന്നിരുന്ന മുറുമുറുപ്പുകള്‍ ശക്തി പ്രാപിക്കുകയാണുണ്ടായത്. സാധാരണക്കാരായ വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജനപ്രിയ സാഹിത്യത്തെ സാഹിത്യത്തിന്റെ മുഖ്യധാരയില്‍നിന്നും പിന്നോട്ട് വലിച്ചിടുകയും രണ്ടാംകിട സാഹിത്യമെന്ന് മുദ്രകുത്തുകയും ചെയ്തു. ഇതോടെ ജനപ്രിയ സാഹിത്യത്തോടൊപ്പം നീങ്ങിയിരുന്ന കുറ്റാന്വേഷണ സാഹിത്യവും പുറകോട്ടു തള്ളപ്പെട്ടു. മാന്ത്രിക-ഭീതി സാഹിത്യത്തിന്റെയും നില പരുങ്ങലിലായി. ആശയ ഗാംഭീര്യം കൊണ്ടും ഭാഷാ നൈപുണ്യംകൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും മുന്‍പന്തിയിലുണ്ടായിരുന്ന ഉത്തമസാഹിത്യമല്ലാതെ മറ്റെല്ലാ സാഹിത്യരൂപങ്ങളും അധമവും മ്ലേച്ഛവുമാണെന്ന ധാരണ ബോധപൂര്‍വ്വം പ്രചരിക്കപ്പെട്ടു. ബുക്ക് സ്റ്റാളുകളിലും പുസ്തകച്ചന്തകളിലുമൊക്കെ ജനപ്രിയ സാഹിത്യവും അപസര്‍പ്പക സാഹിത്യവുമൊക്കെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു.
അപസര്‍പ്പകസാഹിത്യവുമായി മുന്നോട്ടുപോകാന്‍ ധാരാളം എഴുത്തുകാര്‍ മുന്നോട്ടു വന്നെങ്കിലും ഈ ശാഖയുടെ പ്രാമാണികത തിരിച്ചുപിടിക്കാന്‍ പുതിയ എഴുത്തുകാര്‍ക്ക് സാധിക്കാതെ വന്നതും ഈ ശാഖയുടെ പരാജയത്തിന് ആക്കം കൂട്ടി. കുറ്റാന്വേഷണ സാഹിത്യത്തിന്റെ സുവര്‍ണകാലഘട്ടം പതുക്കെ എരിഞ്ഞടങ്ങുകയായിരുന്നു. വിദേശ ഭാഷകളില്‍നിന്നുള്ള ക്രൈം ത്രില്ലര്‍ രചനകളുടെ ഇംഗ്ലീഷ് പേപ്പര്‍ ബാക് എഡിഷനുകള്‍ സുലഭമാവുകയും ധാരാളം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭ്യമാവുകയും ചെയ്തതോടെ മലയാള അപസര്‍പ്പക സാഹിത്യത്തെ വായനക്കാരും കൈവിട്ടുതുടങ്ങി,
തോമസ്.ടി. അമ്പാട്ട്, ബാറ്റണ്‍ബോസ്, മെഴുവേലി ബാബുജി, ശ്യാം മോഹന്‍, പാതാലില്‍ തമ്പി, വേളൂര്‍ പി.കെ രാമചന്ദ്രന്‍, ഹമീദ് തുടങ്ങിയവര്‍ ഈ ശാഖയില്‍ ഏറെ മുന്നോട്ടുപോയവരാണ്. ഇതിനു സമാന്തരമായി മാന്ത്രിക നോവലുകളും പ്രേതനോവലുകളുമായി ഏറ്റുമാനൂര്‍ ശിവകുമാര്‍, മോഹനചന്ദ്രന്‍, പി.വി.തമ്പി, സുനില്‍ പരമേശ്വരന്‍ എന്നിവരും ഈ മേഖലയില്‍ കാര്യമായ സംഭാവനകള്‍ നല്‍കി. എങ്കിലും മുഖ്യധാരയിലേക്ക് കുറ്റാന്വേഷണ സാഹിത്യത്തെ തിരികെ പ്രവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല.
ഈ അവസ്ഥ ആരംഭിച്ച് രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന ഈ അവസരത്തില്‍ മലയാള സാഹിത്യരംഗത്ത് ആശാവഹമായ ചില മാറ്റങ്ങള്‍ ദൃശ്യമാവുന്നുണ്ട്. ്കുറ്റാന്വേഷണ സാഹിത്യത്തിന്റെ വസന്തകാലം മലയാളത്തില്‍ പുനരാഗമിക്കുമെന്നതിന്റെ ശക്തമായ സൂചനകള്‍ ഇപ്പോള്‍ പ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ലാജോ ജോസ് എന്ന യുവ എഴുത്തുകാരന്റെ ‘കോഫീഹൗസ്’ എന്ന നോവലാണ് ഇതിന്റെ നാന്ദി കുറിച്ചതെന്ന് പറയാം. ലാജോ ജോസിന്റെ പുസ്തകങ്ങളും ശ്രീപാര്‍വ്വതി എന്ന എഴുത്തുകാരിയുടെ കുറ്റാന്വേഷണ നോവലുകളും മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളികള്‍ ഏറെക്കാലമായി ഇത്തരമൊരു എഴുത്തുകാരെ കാത്തിരിക്കുകയായിരുന്നു എന്ന രൂപത്തിലാണ് ആ പുസ്തകങ്ങളെ വായനക്കാര്‍ വരവേറ്റത്. വായനക്കാര്‍ ഏറി വന്നതോടെ തുടര്‍ച്ചയായി പുതിയ പതിപ്പുകള്‍ ഇറക്കേണ്ടിവരുന്ന അവസ്ഥയും സംജാതമായി. അതോടൊപ്പം നിരവധി പുതിയ എഴുത്തുകാരുടെ ക്രൈം സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. തികച്ചും നൂതനമായ രചനാ സമ്പ്രദായങ്ങളോടൊപ്പം ആവിഷ്‌കരണ ചാതുരിയോടെയും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലാണ് പുതിയ എഴുത്തുകാരുടെ വരവ്. തികച്ചും ആവേശഭരിതവും ചടുലവുമായ ചലനങ്ങളാണ് അപസര്‍പ്പക സാഹിത്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ പ്രസാധകര്‍ എല്ലാവരും ഇക്കാലമത്രയും മുഖം തിരിച്ച് മാറ്റിവെച്ച കുറ്റാന്വേഷണ സാഹിത്യത്തെ വീണ്ടും ആശ്ലേഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. മുഖ്യധാരയിലേക്ക് അപസര്‍പ്പക സാഹിത്യം തിരിച്ചുവന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് പ്രസിദ്ധീകരണ രംഗത്തുനിന്നും വായനക്കാരുടെ പ്രതികരണങ്ങളില്‍നിന്നും ദൃശ്യമാവുന്നത്.
അപസര്‍പ്പക എഴുത്തുകാരുടെ വലിയൊരു നിരതന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നു. കുറ്റാന്വേഷണ സാഹിത്യത്തെ ഏറ്റവും ആസ്വാദ്യകരമായ അനുഭവമായി മാറ്റാന്‍ കഴിയുന്ന കരുത്തുറ്റ രചനകളുമായാണ് പുതിയ എഴുത്തുകാരുടെ വരവ്. റിഹാന്‍ റഷീദ്, ശിവന്‍ പുതുമന, ആദര്‍ശ്.എസ്, ജിസജോസ്, കെ.വി അനില്‍, നിഖിലേഷ് മേനോന്‍, രജത്. ആര്‍, ജയപ്രകാശ് പാനൂര്‍, ആഷിഖ് ബെന്‍ അജയ്, മായാ കിരണ്‍, ശ്രീജേഷ്.ടി.പി, അനൂപ്.എസ്.പി, മോസ് വര്‍ഗീസ്, രഞ്ജു കിളിമാനൂര്‍, പ്രവീണ്‍ ചന്ദ്രന്‍, കെ.വി.പ്രവീണ്‍, അനുരാഗ് ഗോപിനാഥ് അങ്ങിനെ നിരവധി എഴുത്തുകാര്‍. അഖില്‍.പി ധര്‍മ്മജന്‍, അനൂപ് ശശികുമാര്‍, വി.ജയദേവ്, എം.സി വിഷ്ണു, വിപിന്‍ദാസ്, മരിയ റോസ് തുടങ്ങിയവരുടെ വ്യത്യസ്ത രചനകളും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഏറെക്കാലമായി എഴുതാതിരുന്ന അന്‍വര്‍ അബ്ദുള്ള തന്റെ പുതിയ പുസ്തകവുമായി രംഗത്തെത്തിക്കഴിഞ്ഞു. ജി.ആര്‍. ഇന്ദുഗോപന്റെ ജനകീയ ഡിറ്റക്ടീവായ ‘ഡിറ്റക്ടീവ് പ്രഭാകര’നും വീണ്ടും വായനക്കാരന്റെ കൈകളിലെത്തിക്കഴിഞ്ഞു.
നൂതനമായ പ്രമേയങ്ങളും അവതരണത്തിലെ പരീക്ഷണങ്ങളും പുതിയ അപസര്‍പ്പക നോവലുകളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. കുറ്റാന്വേഷണ രംഗത്ത് വികസിപ്പിച്ചെടുത്ത പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളും അതിനപ്പുറത്തേക്ക് പടര്‍ന്നുകയറുന്ന അന്വേഷണ സങ്കേതങ്ങളുമൊക്കെ പുതിയ നോവലുകളില്‍ ദൃശ്യമാവുന്നുണ്ട്. ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുത്തന്‍ ഭാവുകത്വം ഈ കുറ്റാന്വേഷണ നോവലുകളില്‍ ദര്‍ശിക്കാനാവുന്നുണ്ടെന്നത് ശുഭോതര്‍ക്കമാണ്.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ഡിറ്റക്ടീവ് നോവലുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരുന്ന കൗമാരക്കാരനായ ഒരു വായനക്കാരന്റെ അതേ മനസ്സോടെ അപസര്‍പ്പക സാഹിത്യത്തിന്റെ വസന്താഗമനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വായനക്കാരും.
littnow.com
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
You must be logged in to post a comment Login