കവിത
ആരണ്യകം
രതീഷ് കൃഷ്ണ
പണ്ട് ഭൂമിയിലെ ജീവികൾ
നൈട്രജനും മറ്റു വാതകങ്ങളും ശ്വസിച്ചിരുന്നു .
അന്ന് ഓക്സിജൻ വിഷം !
പരിണാമം –
ഒരിക്കൽ ആ വിഷത്തെയും അമൃതമാക്കി.
അന്നത്തെ ജീവികളൊന്നും
പിന്നീട് ഉണ്ടായിരുന്നില്ല .
ഒന്നുകിലവ നിലനിൽപ്പിനായി രൂപാന്തരപ്പെട്ടു,
അല്ലെങ്കിൽ വംശനാശംവന്നു.
ആമസോൺ –
വിശുദ്ധ വായുവിന്നുറവിടമായ മഴക്കാടുകൾ.
ആമസോൺ-
യജ്ഞ ഭോഗിയുടെ
ഇരട്ട നാവുകളിലുരുകിപ്പോകും
ഒരു ശാർങ്ഗകപ്പക്ഷിതൻ
കണ്ണുനീർ.
കാട് കത്തുന്നു –
ഒരു ഉത്സവാനയിൽ
പക്ഷിച്ചുണ്ടിൽ
കൊന്നമരത്തിൽ
സമകാലികമൊരു
കവിയിൽ
മുകളിൽനിന്ന് താഴേക്ക്
താഴെനിന്ന് മുകളിലേക്ക്
എല്ലാ ദിക്കുകളിലേക്കും
ഭൂമിയുടെ മുടിക്ക് തീപ്പിടിച്ചതുപോലെ.
ഈ മഴക്കാടുകളെ,
അതിലിറ്റു നിൽക്കും മഞ്ഞ് തുള്ളിയെ
കടലാസ് പുലികളും
രഥവുമാക്കുന്നൂ പ്രജാപതി.
അനന്തമായ ജീവവൈവിദ്ധ്യങ്ങൾ,
കരിപുരണ്ട്മനുഷ്യാർത്തിയുടെ
ശ്മശാന ശിലാരൂപങ്ങളായിരിക്കുന്നു.
ഓക്സിജനില്ലാതെ
സ്പന്ദിക്കും ജീവിവർഗങ്ങൾ
ഭൂമിയിലുണ്ടാവാമിനിയും;
പക്ഷേ, പ്രകൃതിതൻ സ്വാഭാവിക
പരിണാമത്തിൽനിന്ന്
വിച്ഛേദിക്കപ്പെടുവോരുണ്ടാവില്ല.
അമ്മയുടെ വസ്ത്രങ്ങൾക്ക് തീകൊടുക്കുന്ന,
ഗർഭപാത്രത്തിലെ ശിശുവാണ്
മനുഷ്യൻ .
You must be logged in to post a comment Login