കഥ
ബഹുജനോത്സവം
സൗമിത്രൻ
വര _ സാജോ പനയംകോട്
വെളുപ്പാന്‍കാലത്തെ കുളിരിലും ജോണ്‍ ഇട്ടിപ്പറമ്പന്‍ എന്ന കൊച്ചുനേതാവ് അരിശം കൊണ്ടു. മഞ്ഞുണ്ടെന്നതും തണുപ്പുണ്ടെന്നതും ശരി. പക്ഷേ തച്ച്കാശും ചെലവും കൊടുത്ത് എല്ലാറ്റിനെയും വണ്ടിയില്‍ കയറ്റിയത് ഉറക്കം തൂങ്ങാനാണോ?
അരിശമടങ്ങാതെ മൈക്ക് കയ്യിലെടുത്ത കൊച്ചുനേതാവ് ചൂണ്ട് വിരല്‍ കൊണ്ട് കൊട്ടി ടപ്പ് ടപ്പ് എന്ന ശബ്ദം കുടഞ്ഞിട്ടതിന് ശേഷം മുദ്രാവാക്യം വിളി തുടങ്ങി.
“നേതാവേ നേതാവേ…”
ബസ്സിലിരുന്ന ആമ്പ്രന്നോന്മാരും പെമ്പ്രന്നോത്തിമാരും ഞെട്ടിയുണര്‍ന്ന് ഏറ്റുവിളിച്ചു…
“നേതാവേ നേതാവേ ….”
“ഞങ്ങടെയോമന നേതാവേ”
വായ്നാറ്റം പുതച്ച വാക്കുള്‍ തുള്ളിയാര്‍ത്തു :
“ഞങ്ങടെയോമന നേതാവേ”
“പോരുക നീ പോരുക നീ
അധികാരത്തിന് തേനുണ്ണാൻ”
കോട്ടുവായൊരെണ്ണം കലമ്പിയെങ്കിലും ഏറ്റ് വിളിയുടെ ഒച്ച കുറഞ്ഞില്ല.
“പോരുക നീ പോരുക നീ
അധികാരത്തിന് തേനുണ്ണാൻ “
ബാനറും കൊടിയലങ്കാരങ്ങളും ശബ്ദഘോഷങ്ങളുമായി ബസ്സ് ഹൈറേഞ്ചിലെ ഹെയര്‍പ്പിന്‍ വളവിലൂടെ ഒച്ചായിറങ്ങി.
വിളിച്ച് കൊടുക്കുന്നതിനനുസരിച്ച് എല്ലാരും ഏറ്റ് വിളിക്കുന്നുണ്ടെങ്കിലും എന്തോ ഒരു പോരായ്ക.
എന്താ അത് ?
കൊച്ചു നേതാവിന് അധികം ചികയേണ്ടി വന്നില്ല.
ഉശിര്. അത് തന്നെ. ഉശിര്
അതിന്റെ തരിപോലുമില്ലല്ലോ ഒച്ചയ്ക്കിടയില്‍
മൈക്ക് ഓഫ് ചെയ്തിട്ട് പുളിച്ച നാലെണ്ണം പറയാന്‍ തുടങ്ങിയതാ.
പക്ഷേ രണ്ട് സീറ്റ് മുന്നിലിരുന്ന വനിതാ കണ്‍വീനര്‍ ലീനാമ്മയുടെ ആവശ്യത്തിലധികം വെട്ടിയിറക്കിയ ബ്ലൗസ്സിനുള്ളിലെ കൊഴുത്ത ശരീരം കണ്ണില്‍പ്പെട്ടപ്പോള്‍ കൊച്ചുനേതാവ് അടങ്ങി .
നാവിലെ തെറിയുടെ പുളിപ്പിനും മീതെ ലീനാമ്മയുടെ പൊക്കിള്‍ ചുഴിയുടെ മധുരം.
പോരെങ്കില്‍ ഉഭയകക്ഷി ബന്ധത്തിലെ ബഹുകക്ഷി ഇടപെടലിലൂടെ വളര്‍ച്ച എന്ന കൊച്ചുനേതാവിന്റെ ആശയത്തില്‍ ഹഠാദാകര്ഷിക്കപ്പെട്ട ലീനാമ്മ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച വനിതാ കൂട്ടായ്മയുമുണ്ട് ബസ്സില്‍.
നഗ്നതയിലെഴുതപ്പെടാവുന്ന പുതിയ പുതിയ നന്ദിപത്രങ്ങളിലേക്ക് മനസ്സടുത്തപ്പോള് കൊച്ചുനേതാവിന്റെ താളമങ്ങ് മാറി.
വാ കുരുവീ വരു കുരുവീ എന്ന മട്ടിലായി.
“നേതാവേ……. നേതാവേ”
“താനാ മൈക്കിങ്ങെട്” റാലിക്കാര്‍ ഏറ്റ് വിളിക്കുന്നതിന് മുന്‍പ് പിന്‍സീറ്റിലിരുന്ന രാഷ്ട്രീയ ഗുരുഭൂതന് ഇടപ്പെട്ടു.
ഗുരുഭൂതന്റെ വലിഞ്ഞ് മുറുകിയ കണ്ഠപേശികളില് നിന്ന് തെറിച്ച വാക്കുകള്‍ ബസ്സാകെ ആവേശഭരിതമാക്കി…
“താന്തോന്നിത്തം കാണിച്ചാല്‍….”
ഏറ്റ് വിളിക്കാരിരമ്പി:
“തന്തേക്കണ്ട് മരിക്കില്ലാ.
തള്ളേക്കണ്ട് മരിക്കില്ലാ”
ബസ്സ് ചെറിയൊരു കവലയിലെ ചായക്കടയ്ക്ക് മുന്നിലൊതുങ്ങി. ബസ്സില്‍ നിന്നും കൂട്ടത്തോടെ പാഞ്ഞ് ചെന്ന നോട്ടമേറ്റ് ചില്ലലമാരിയിലെ ഗൗളിയുടെ വാല് വീണ് പിടഞ്ഞു.
“ദിവസവും പത്തമ്പത് പുട്ടും പയറും പപ്പടവും പോയിരുന്നതാ. ഇപ്പോ……”
കൃഷിയിടങ്ങളില്‍ കാന്താരിപുരണ്ട മുറിവായ ദുരിത ജീവിതങ്ങള്‍ അവരുടേതുമായിരുന്നതിനാല് കടക്കാരനത് മുഴുമിച്ചില്ല…
അപ്പവും മുട്ടറോസ്റ്റുമാണ് കൊതിച്ചത്. കിട്ടിയത് കട്ടന്‍കാപ്പിയും പപ്പടവടയും.
പെരുമഴയ്ക്കളവ് മില്ലീമീറ്റര്‍
കൃഷിയിടിവിനളവ് പുട്ട്
നേതാവിന്റെ വര്‍ണ്ണചിത്രങ്ങളും കൊടിതോരണങ്ങളും പറന്നുല്ലസിച്ച കവലയിലേക്ക് ചായക്കടയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഫലിതം ആരുടെയോ നാവില്‍ കല്ലിച്ച് കിടന്നതേയുള്ളൂ.
“കുറച്ചൂടെപ്പോയാല് കൂപ്പ്കുത്തിസ്സിറ്റീലെത്തും. അവിടെ നല്ല ഹോട്ടല്‍ കാണും”.
കരുതി വച്ചത് പങ്ക് വയ്ക്കാനായി ഉറിയില്‍ പരതുന്ന സ്നേഹം ലീനാമ്മയുടെ വാക്കുകളില്‍ തുളുമ്പി.
ബസ്സ് സമതലത്തോടടുക്കുന്തോറും ബഹുജനോത്സവത്തിന്റെ പൊലിമ കൂടിക്കൂടി വന്നു.
ബഹുജനോത്സവം!
“എല്ലാവനും റാലിയും ശക്തി പ്രകടനവും നടത്തുമ്പോ നമ്മുടെ നേതാവ് ബഹുജനോത്സവം നടത്തുന്നു. അതാ തന്ത്രം”.
അതെയതേ. ആള് വലിയ തന്ത്രശാലി തന്നെ. ബഹുജനത്തിന്റെ ഖള്ബറിയാം. അതല്ലെ ബഹുജനോല്സവത്തിനായി നാടെമ്പാടും ഒരുങ്ങിയത്.
വിളംബര ജാഥകള്‍, കമാനങ്ങള്‍, കൊടിതോരണങ്ങള്‍.
മുദ്രാവാക്യഘോഷങ്ങളുമായി നാടിന്റെ നാനാഭാഗത്ത് നിന്നും ബഹുജനോത്സവനഗരിയിലേക്ക് പ്രവഹിക്കുന്ന അലംകൃത വാഹനങ്ങള്‍. ആരാന്റെ പണസഞ്ചിയുടെ കെട്ടഴിക്കാനുള്ള തന്ത്രത്തിലും നേതാവിന് വിരുതാവോളം.
“ആര്പ്പോാായ്……….ഇര്‍ര്‍ര്‍റോ.. ഇര്ര്ര്റോാ…. ഇര്ര്…….”
പൊതുസമ്മേളനനഗരിയുടെ കവാടത്തിന് മുന്നിലെ ഐസ് മിഠായിക്കച്ചവടക്കാരന്റെ ഉള്ളിലൊരു ആര്‍പ്പ് വിളി തിമിര്‍ത്ത് തോര്‍ന്നു. ഒരു ലോറി നിറയെ ഐസ് മിഠായി കൊണ്ട് വരാരുന്നു. വേണ്ട, ഒരു മിനി ലോറി നിറയെ. അല്ലെങ്കില്‍ പോട്ടെ , ഒരു പെട്ടിഓട്ടോ നിറയെ. സൈക്കിളിന് പിന്നില്‍ കെട്ടി വച്ച ചെറിയ പെട്ടിയുമുന്തി നീങ്ങിയ ഐസുകാരന്റെ ചെവിയില്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സമ്മേളനക്കാരുടെ ബസ്സില്‍ നിന്നൊരു ജയന് ഡയലോഗ് വന്ന് വീണു…
“ഹിമാലയം കിട്ടിയിരുന്നെങ്കില്‍ ഐസ്ക്യൂബുണ്ടാക്കാമായിരുന്നു”
“ചിയേഴ്സ്”
ബസ്സില്ക്കെട്ടിയിരുന്ന കൊടിതോരണങ്ങളിളകിയമരുമ്പോഴേക്കും ലീനാമ്മയും കൂട്ടുകാരിയും ഓട്ടോറിക്ഷയില്‍ സമ്മേളന നഗരിയില്‍ തിരികെ വന്നിറങ്ങി.
കൈലേസെടുത്ത് ഒപ്പിമാറ്റാനാകാത്ത ക്ഷുദ്രഹര്ഷം രണ്ടാളിലും.
“അയ്യോ, ദേ ആ കാറിലല്ലേ നമ്മളെ കൊണ്ട് പോയത്”
ശരീരത്തിലേക്കിഴുകിയിറങ്ങിയ ആരാന്റെ ഗന്ധം മേല്‍ചുണ്ടിന് മേലെ സംഭ്രമത്തിന്റെ വിയര്‍പ്പ് കണങ്ങളായിണങ്ങിയ കൂട്ടുകാരി കറുത്ത ഫോര്‍ഡ് ഐക്കണ്‍ കാറിനെ ചൂണ്ടി ലീനാമ്മയോട് ചോദിച്ചു.
“അയ്യോ ആര് കൊണ്ടു പോയി? നമ്മള് പോയതല്ലേ? ഞാന്‍ പോയത് കരിവള വാങ്ങാന്‍. നീ തരിവള വാങ്ങാന്‍. ഇട്ടിപ്പറമ്പനും കൂട്ടുകാരും നമുക്കകമ്പടി വന്നതല്ലേ?” ലീനാമ്മ സ്വസ്ഥതയുടെ പട്ട് കൂട്ടുകാരിയെ വാരിപ്പുതപ്പിച്ചു.
“അല്ല, നേതാവിങ്ങെത്തിയില്ലേ?”
ലീനാമ്മ അരോടെന്നില്ലാതെ ചോദിച്ചു.
“നമ്മുടെ പ്രിയങ്കരനായ നേതാവ്, നമ്മുടെ ആരാദ്ധ്യനായ നേതാവ്, നിങ്ങളെ ഒരു നോക്ക് കാണാന്‍, നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കാന്‍, നിങ്ങളുടെ സന്നിധിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരും. . .”
“ഉവ്വേ ഉവ്വേ . . .”
നേതാവിന്റെ പ്രതിച്ഛായയുടെ കാല് കഴുകി വണങ്ങി മൈക്കിന് മുന്നില്‍ നിന്ന ഉപനേതാവ് ഇരമ്പിയപ്പോള്‍ ലീനാമ്മയൊന്ന് ചിരിച്ചു.
പകല്‍ പൊള്ളിത്തുടങ്ങിയിട്ട് കുറച്ചേറെയായി.
പെട്ടിക്കടകളിലെ നാരങ്ങാക്കൊട്ടയും സോഡാപ്പെട്ടിയുമൊഴിഞ്ഞു.
ഹോട്ടലുകളിലെ ചെമ്പുകളുമൊഴിഞ്ഞു.
“ഒന്നും കിട്ടീല്ല. വെറുതെ വെയില് കൊണ്ടത് മിച്ചം.”
ആഹാരമന്വേഷിച്ച് തളര്‍ന്ന് ബഹുജനോത്സവനഗരിയിലേക്ക് തിരിച്ച് വന്ന കുഞ്ഞേനാച്ചന് പറഞ്ഞു.
“കുഞ്ഞേനാച്ചന് ആ വഴി പോയോണ്ടാ. വടക്കോട്ട് പോയാരുന്നേല്‍ കിട്ടിയേനെ. എനിക്ക് കിട്ടി. പെറോട്ടേം എറച്ചീം”
“ങാ. തന്റെ തലേവര”.
“ബഹുജനോത്സവനഗറിന് ചുറ്റുമായി ചിതറി നില്ക്കുന്ന പ്രവര്‍ത്തകര്‍ ദയവ് ചെയ്ത് നഗറിനുള്ളിലേക്ക് പ്രവേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ പ്രിയങ്കരനായ, നാടിന്റെ അനിഷേധ്യനായ, കണ്ണിലുണ്ണിയായ നമ്മുടെ നേതാവ് അല്പനേരത്തിനകം സമ്മേളനനഗറിലെത്തിച്ചേരുന്നതാണ്”
“അദ്ദേഹം ഗസ്റ്റ് ഹൗസിലെത്തിയത്രേ” അനൗണ്സര് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിനിടെ അടുത്ത് നിന്ന ഒരപരിചിതന് കുഞ്ഞേനാച്ചനോട് പറഞ്ഞു:
“ഊണ് കഴിഞ്ഞാലെത്തുമെന്നാ കേട്ടത്. വിശ്രമമൊന്നുമില്ല. അല്ലെങ്കിത്തന്നെ വിശ്രമിക്കനെവിടെനേരം?”
റോഡിനെതിര്‍വശത്തെ ഹോട്ടലിന് മുകളിലെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് അന്നേരമാണ് കുഞ്ഞേനാച്ചന് ശ്രദ്ധിച്ചത്.
പൊരിച്ച കോഴിക്കാലുകള്‍. വറുത്ത കരിമീന്‍. അതിന് മേല്‍ വട്ടത്തിലരിഞ്ഞ് തൂകിയ സവാളയും തക്കാളിയും കാരറ്റും. എല്ലാത്തിനും മീതെ തൂകിയ കുരുമുളക് പൊടി. തൊട്ടെടുക്കാവുന്നത് പോലെ.
ഒരേമ്പക്കത്തിന്റെ മുഴക്കം കുഞ്ഞേനാച്ചന്റെ കുടല് മാലകളുടെ അന്തരാളത്തോളം പോയി പ്രതിധ്വനിച്ചു.
“തര്‍ക്കം മുറുകിയിരിക്കയാ, മൂപ്പര്‍ക്ക് വേണ്ടത് എതിര്‍പക്ഷം കൊടുക്കില്ല. എതിര്‍പക്ഷത്തിന് വേണ്ടത് മൂപ്പരും കൊടുക്കില്ല. മുന്നണി വിടുംന്നാ കേക്കുന്നത്. ശ്രദ്ധിച്ചില്ലേ? എല്ലാരുടേം പ്രസംഗത്തിന് സ്പീഡ് ലേശം കൊറവല്ലാരുന്നോ?”
ശരിയാ സ്പീഡ് ലേശം കുറവായിരുന്നു. സാധാരണ പൂരപ്പാട്ടോളമെത്തേണ്ടതായിരുന്നു.
“ആരെന്നാ ചെയ്തിട്ടും കാര്യമില്ല. അവസാനമെല്ലാവനേം മുപ്പര് കാല്‍ച്ചോട്ടില്‍ ക്കൊണ്ട് വന്ന് കുമ്പിടീക്കും”
വെയിലിലും പൊടിയിലും വിയര്പ്പിലുമാഴ്ന്ന ജനക്കൂട്ടത്തിനിടയിലൂടെ മുള്ളും മുനയുമായി കിംവദന്തികള്‍ മേഞ്ഞ് നടന്നപ്പോഴും ബഹുജനോത്സവനഗരിയിലെ കൊടിതോരണങ്ങള്‍ പാറിക്കളിക്കുകയായിരുന്നു.
പെട്ടെന്നൊരാരവം. ചടുലത.
പൊടുന്നനെ പ്രാസംഗികന്റെ വാക്കുകളില്‍ മാലപ്പടക്കത്തിന്റെ ധിമി ധിമീ ധിമീന്നുള്ള പ്രകമ്പനങ്ങളും കരിമരുന്ന് ഗന്ധവും പുകപടലങ്ങളും.
“ഇതാ നമ്മുടെ നേതാവ്, നാടിന്റെ പൊന്നോമനപ്പുത്രന്, നാട്ടാരുടെ കണ്ണിലുണ്ണി, നാടിന്റെ നായകന്, ആയിരമായിരം സൂര്യന്മാര് ഉദിച്ചുവരുമ്പോലെ . . .”
കണ്ണ് തുറിച്ചും കഴുത്തിലെ ഞരമ്പുകളെഴുന്നും മസിലുപിടിച്ചും മുഷ്ടിചുരുട്ടിയും അനവരതം ഗര്ജ്ജിക്കുകയായിരുന്ന പ്രാസംഗികന് മുദ്രാവാക്യത്തോറ്റങ്ങളില് മുങ്ങിപ്പോയി.
“തേര് തെളിക്കും തേരാളീ . . .”
ആയിരമായിരം തൊണ്ടകള്‍ അതേറ്റു വിളിച്ചു.
“തേര് തെളിക്കും തേരാളീ . . .”
“പോര് നയിക്കും പോരാളീ . . .”
“പോര് നയിക്കും പോരളീ …”
“കാലിടറാത്തൊരു നേതാവേ . . .”
“ഞങ്ങടെയോമന നേതാവേ . . “
വാക്കുകളുടെ കടലിളക്കത്തില്നിന്നും കരയ്ക്കടിഞ്ഞ് ഞരങ്ങിവലിഞ്ഞ് വണ്ടി ഹൈറേഞ്ചിലെ അടുപ്പിന്‍മൂട് സിറ്റിയില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും നേരമിരുണ്ടിരുന്നു.
“കുഞ്ഞേനാച്ചോ, അടുപ്പിന്മൂടെത്തി. ഉറക്കം തൂങ്ങിയിരിക്കാതെ ഏലേസം പാടി വണ്ടീന്നെറങ്ങിയാട്ടെ”
വണ്ടീലെ കിളി ചിലച്ചത് കേട്ട് ഉറക്കമുണര്‍ന്ന കുഞ്ഞേനാച്ചന് തപ്പിത്തടഞ്ഞിറങ്ങുന്നതിനിടെ ലഹരിയൊഴിഞ്ഞ പ്ലാസ്റ്റിക് ഗ്ലാസ്സുകളില്‍ ചിലത് കാല്ക്കീഴില് ഞെരിഞ്ഞു.
പുഷ്ബാക്ക് സീറ്റില്‍ ജോണ്‍ ഇട്ടിപറമ്പനുമേല് ചാഞ്ഞിരുന്ന് ഉറങ്ങുന്ന ലീനാമ്മയേം കൊണ്ടുപോയ വണ്ടീടെ പൊടി പടലങ്ങളില്‍ പോലും കാപ്പീടേം കുരുമുളകിന്റേയും ഏലത്തിന്റേമൊക്കെ മണം.
അടുപ്പിന്‍മൂട് സിറ്റിയുടെ ഉള്‍വഴികളിലേയ്ക്ക് ചുവടുറയ്ക്കാതെ നടന്ന കുഞ്ഞേനാച്ചന് ആ ഗന്ധങ്ങളില്പ്പെട്ട് വിചിത്രമായ ശബ്ദത്തില്‍ ഓക്കാനിച്ചു.
ഇനി മുന്നോട്ട് പോണേല് പാടണം.
വേച്ചു പോകുന്ന കാലുകളില്‍ ആവോളം നേരെ നിന്ന് കുഞ്ഞേനാച്ചന് പാടി:
“അടുപ്പുംമ്മൂട് സിറ്റീലടുപ്പ് കെട്ടേ . . . വയറെരിഞ്ഞേ . . .വയറെരിഞ്ഞേ…..”
കുഴഞ്ഞ വാക്കുകള്‍ക്ക് തോട്ടങ്ങളും മലകളും കടന്ന് കുതിച്ച് പോകാന്‍ കുഞ്ഞേനാച്ചന് ഒഴിഞ്ഞ വയറ്റത്തടിച്ച് കുളമ്പൊച്ചകളും നല്കി.
“ഡപ്പ് ഡപ്പ് ഡപ്പ് ഡപ്പ്”
പോരാ. ഈ സിറ്റിയെ ഒന്നനുഗ്രഹിക്കണം. നുള്ളിപ്പെറുക്കാവുന്നതും കൊണ്ട് കുടിയേറി വന്ന അപ്പനുമമ്മച്ചീം മണ്ണടിഞ്ഞയിടമാണിത്.
കുഞ്ഞേനാച്ചന് കൈപ്പത്തികള്‍ വായ്ക്കിരുപുറവും ചേര്‍ത്ത് പിടിച്ച് അടുപ്പിന്‍മൂട് സിറ്റിയിലേക്ക് ശക്തമായൂതി.
പിന്നെ ഇറച്ചിക്കറിയുടേം ബ്രാണ്ടിയുടേം മണം ഇവിടത്തെ സുഭിക്ഷതയ്ക്കടയാളമാകട്ടെയെന്നനുഗ്രഹിച്ചു.
കാലുറയ്ക്കുന്നില്ല.
കടംകേറിച്ചത്തവരൊക്കെ വന്ന് കുതികാല് വയ്ക്കുന്നത് പോലെ.
ഇനി മുന്നോട്ട് പോകണേല്‍ ഒച്ചയുമനക്കോം വേണം.
“കാലിടറാത്തൊരു നേതാവേ…”
അന്തരീക്ഷത്തിലുയര്‍ത്തിയ ചുരുട്ടിയ മുഷ്ടിയുടെ താളത്തില്‍ കുഞ്ഞേനാച്ചന്റെ നാവില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ കുഴഞ്ഞ് വീണു…
“പാല് കുടിക്കും നേതാവേ . . .”
അടുപ്പിന്മൂട്ടിലെങ്ങോ ഒരു പട്ടിയുണര്ന്നു കുരച്ചു.
“തേന്‍ നുകരുന്നൊരു നേതാവേ . . “
പട്ടികള്‍ കൂട്ടമായി കുര തുടങ്ങി. അടുപ്പിന്മൂടാകെയുണര്ന്നു.
മുണ്ട് മുറുക്കിയുടുത്ത് ഉറങ്ങുകയായിരുന്നവര്‍ തിരിഞ്ഞ് കിടക്കുന്നതിനിടയില്‍ ആരെയെന്നില്ലാതെ ശപിച്ചു.
“ബിരിയാണി ചെലുത്തും നേതാവേ . .”
ബൗ . . . ബൗ ബൗ . . . ബൗ ബൗ ബൗ . . . .
പട്ടികളുടെ കുരയും ഉറക്കം കെട്ടവരുടെ പ്രാക്കും വന്ന് കുഞ്ഞേനാച്ചന്റെ ശരണം വിളികളെ വിഴുങ്ങി.
You must be logged in to post a comment Login