കഥ
ചിപ്പിക്കുൾ മുത്ത്
ഇന്ദു .പി.കെ
ജനലരികിൽ നിന്ന് പുറത്തെ ചാറ്റൽ മഴ നോക്കി നിൽക്കുമ്പോൾ, രഞ്ജിനി ഓർത്തു….
“ഇന്നെന്തോ, വല്ലാത്ത ഒരു അനുഭൂതി…”
അവിചാരിതമായി, ഏതോ, ഒരു അദൃശ്യ സുഹൃത്ത് അരികിലേക്ക് എത്തിച്ചേർന്നതു പോലെ… ഒരു പാട് കാലത്തെ കാത്തിരിപ്പിന് ഒരു വിരാമമിട്ടതു പോലെ…. ഈ ഒരു കൂടിക്കാഴ്ച എത്രയോ മുൻപേ ആഗ്രഹിച്ചതായിരുന്നു… ഒരു സ്വപ്നമായി , ഇന്ന് അത് എന്നരികിൽ വന്നണഞ്ഞു..
അതെ, ആ കൂടിക്കാഴ്ച സ്വപ്നത്തിലായിരുന്നു…
അതിന് ശേഷം, അവൾ ഒരു തൂവലായി മാറി… അവൾക്ക് ഭാരമില്ലായ്മ അനുഭവപ്പെട്ടു… തൂവലിനെപ്പോൽ അവൾ, കാറ്റിൽ പാറിപ്പറന്നു തുടങ്ങി…
പറന്നു പറന്ന്, അവൾ അനന്തവിഹായസ്സിൽ എത്തിച്ചേർന്നു…
പെട്ടെന്നാണ്, അങ്ങകലെ, തൂങ്ങിക്കിടന്ന, അതി മനോഹരമായ കൊത്തുപണികളുള്ള ഒരു ബോർഡ്, അവളുടെ ശ്രദ്ധയിൽ പെട്ടത്…
ആ ബോർഡിൽ, ചുവപ്പ് നിറമുള്ള അക്ഷരങ്ങളിൽ, ഇങ്ങനെ എഴുതിയിരുന്നു…
“സൗഹൃദത്തിൻ്റെ പറുദീസ…”
എത്രയോ കാലമായി അവൾ, തൻ്റെ മനസ്സിൽ ഒളിപ്പിച്ചിരുന്ന സ്വപ്നത്തെ, ഒരു സാക്ഷിയെപ്പോലെ, മുകളിൽ നിന്ന് നിർന്നിമേഷയായി നോക്കി കാണാൻ തുടങ്ങി ….
ആ പറുദീസയിൽ, അങ്ങിങ്ങായി വള്ളിക്കുടിലുകൾ കാണുമാറായി… ഒരു വള്ളിക്കുടിലിൽ അവളുടെ നയനങ്ങൾ ഉടക്കി നിന്നു…
കറുത്ത നിറമുള്ള, ബംഗാൾ കോട്ടൺ സാരിയിൽ, വലിയ ഒരു ചുവന്ന കുങ്കുമപ്പൊട്ട് തൊട്ട്, അവിടെ ആരോ ഇരിക്കുന്നു…
“ഏ, അത് ഞാൻ തന്നെയാണല്ലോ….”
അവൾക്ക് ആശ്ചര്യം തോന്നി…
“ഞാൻ ആരെയാണാവോ പ്രതീക്ഷിച്ച് ഇരിക്കുന്നത്?”
അൽപ്പ നിമിഷത്തിനകം, മെലിഞ്ഞ് കണ്ണട വച്ച്, സുമുഖനായ ഒരു പുരുഷൻ ആ വള്ളിക്കുടിലിലേക്ക് നടന്നടുത്തു… സുസ്മേര വദനനായ, അദ്ദേഹത്തിൻ്റെ കൈവശം ഒരു പുസ്തകം കാണാമായിരുന്നു…
പരിചയമില്ലാത്ത സ്ത്രീകളെ കാണുമ്പോൾ, പുരുഷന്മാർ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നതായി എവിടെയോ വായിച്ചതായി, അവൾ പെട്ടെന്ന് ഓർത്തു …
പക്ഷേ, ആദ്യമായി എന്നെ കാണുന്ന ഒരു അപരിചിതത്വമൊന്നും ,ഞാൻ അയാളിൽ കണ്ടതേയില്ല…
“ഇതെന്താ, ഒരു ബംഗാളി സ്റ്റൈൽ?”
അദ്ദേഹം, ഒരു ചിരപരിചിതനെപ്പോലെ എന്നോട് സംസാരിക്കാൻ തുടങ്ങി…
“തനിക്കറിയാമോ, എൻ്റെ ഔദ്യോഗിക ജീവിതത്തിലെ കുറച്ചു വർഷങ്ങൾ കൊൽക്കത്തയിൽ ഉണ്ടായിരുന്നു…”
“ബംഗാളിൻ്റെ സംസ്കാരം, നമ്മുടെ കേരളത്തിൻ്റെ സംസ്കാരവുമായി ഏറെക്കുറെ സാമ്യമുള്ളതാണ്….”
ഞാൻ ഒന്നു പുഞ്ചിരിച്ചു…
അദ്ദേഹം വീണ്ടും ബംഗാളിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് വാചാലനായി…
“ബംഗാളികൾ ,ഒരേ സമയം കാളിയേയും കാൾ മാർക്സിനേയും ചേർത്തു പിടിക്കുന്നു….”
എപ്പോഴും വാചാലയായിരുന്ന ഞാനും ആ സംസാരത്തിൽ പങ്കുചേർന്നു…
“അത്രയൊന്നും എനിക്കറിയില്ല, ട്ടോ…”
“ഞാൻ കുട്ടിക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരാറുള്ള ബംഗാളി നോവലുകൾ വായിക്കാറുണ്ട്… ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കൊൽക്കത്ത സന്ദർശിച്ചിരുന്നു…. അന്ന് അവിടെ നിന്ന് കഴിച്ച സമൂസയുടെ സ്വാദ് ഇന്നും നാവിലൂറുന്നു…”
“കൊൽക്കത്തയെക്കുറിച്ച് എനിക്കുള്ള അറിവ്, ഇത്ര മാത്രം…”
ഞങ്ങളുടെ “സംസാരനൗക” ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു…
സൗഹൃദത്തിൻ്റെ അലകൾ, ഒരു ഊർജ്ജമായി എന്നെയും അയാളേയും ഒരു പോലെ തഴുകിയൊഴുകുകയായിരുന്നു…
ഒരു മധുരമായ സൗഹൃദത്തിൻ്റെ ,ആരംഭം…
സൗഹൃദത്തിൻ്റെ ആ തോണി,
ആടിയുലയാതെ, അത്യധികം സൗമ്യമായി, ഒഴുകുന്നത് അവൾ ദൂരെ നിന്നും നോക്കി കാണുകയായിരുന്നു…
അവൾ ഓർത്തു…
“അനിശ്ചിതത്വം നിറഞ്ഞ ഈ ജീവിതത്തിൽ, സന്തോഷകരമായ ഈ ഒരു ദിവസം എന്നതു തന്നെ അപ്രതീക്ഷിതമായ ഒരു അനുഭവം… അനുഭൂതി… അത് സ്വപ്നത്തിൽ ആണെങ്കിൽ പോലും…”
അവൾ, തൻ്റെ കൊച്ചു സ്വപ്നത്തെ ഒരു കുഞ്ഞു കഥയായി മനസ്സിൽ മെനഞ്ഞെടുത്ത്, എഴുതാനിരുന്നു …
” സൗഹൃദത്തിൻ്റെ പറുദീസ”
അവളുടെ മനസ്സിലെ വരികൾ തൂലികയിലൂടെ പുസ്തകത്താളിൽ പൂക്കളമിടുമ്പോൾ, അവാച്യമായ, ഒരു ലഹരി അവളിൽ പടർന്നു കയറി…
ആ ലഹരിയിൽ, അവൾ പൂത്തുലയുകയായിരുന്നു…
പുലരിയിലെ അരുണകിരണങ്ങൾ അവളെ തഴുകിയുണർത്തുമ്പോൾ, അവൾ തലേന്നത്തെ ലഹരിയിലായിരുന്നു…
അവൾ എല്ലായ്പ്പോഴും അങ്ങനെത്തന്നെയായിരുന്നു…
തൻ്റെ ഭ്രാന്തൻ ചിന്തകളെ മേയാൻ അവൾ അനുവദിച്ചു… അവയുടെ പിറകെ പോകാനോ, തെളിച്ചു നടത്താനോ, അവയ്ക്ക് കടിഞ്ഞാണിടാനോ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല …
ദിവസങ്ങളും വർഷങ്ങളും കൊഴിഞ്ഞു പോയി…
പലപ്പോഴും ജീവിതത്തിൽ പലതും പരീക്ഷിക്കാൻ ഉള്ള ആഗ്രഹം, അവളുടെ മനസ്സിൽ ഉടലെടുത്തു …. ഒട്ടും പരിചയമില്ലാത്ത ആളുകളോട് ഇടപഴകാനുള്ള അവസരങ്ങൾ, തനിച്ചുള്ള യാത്രകൾ, ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ, കുറച്ചു നേരത്തെക്കെങ്കിലും ലഭിക്കുന്ന മാനസികമായ പിരിമുറുക്കങ്ങളിൽ നിന്നുള്ള മോചനം… അങ്ങനെ പലതും…
അവളുടെ ജീവിതമാകുന്ന നൗക, ആടിയുലഞ്ഞ് തന്നെ മുൻപോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു…
ആത്മാവിനെ തിരഞ്ഞുള്ള അവളുടെ അന്വേഷണത്തിൽ, പലപ്പോഴും അവൾക്ക് അവളെത്തന്നെ നഷ്ടമാകുകയായിരുന്നു…
അവളുടെ ശാന്തി തേടിയുള്ള യാത്ര, അവസാനം അവളിൽ തന്നെ അവസാനിച്ചു…
ശരീരത്തിനും മനസ്സിനും അസ്തിത്വമില്ലെന്നും, ആത്മാവിന് മാത്രമേ എന്നും നിലനിൽപ്പുള്ളൂ എന്ന സത്യവും, അവൾ തിരിച്ചറിഞ്ഞു…
പതിയെ പതിയെ, അവളുടെ ജീവിതം സമാധാനവും ആനന്ദപൂരിതവും ആകാൻ തുടങ്ങിയിരുന്നു…
ഒരു ദിവസം ടൗണിലൂടെ നടക്കുമ്പോൾ, ആ ബോർഡ് അവളുടെ ശ്രദ്ധയിൽ പെട്ടു…
“വിവേകാനന്ദ ടൂർസ് ആൻ്റ് ട്രാവൽസ്”
കൂടുതലൊന്നും ചിന്തിക്കാതെ അവൾ അവിടേക്ക് നടന്നടുത്തു…
“നിങ്ങളുടെ ഏറ്റവും അടുത്തുള്ള ദിവസത്തെ യാത്ര ഏതാണ്?”
“രാമേശ്വരം”…
“സീറ്റ് ഒഴിവുണ്ടോ?”
“ഉണ്ട് മാഡം, 3 സീറ്റ്…”
“എനിക്ക് ഒന്നേ വേണ്ടു…”
അപ്പോൾ തന്നെ അഡ്വാൻസ് കൊടുത്ത്, അവൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി…
നാൽപ്പത് പേരെയും കൊണ്ട് വിവേകാനന്ദ ട്രാവൽസിൻ്റെ ആ ടൂറിസ്റ്റ് ബസ്സ് യാത്ര തിരിച്ചു…
ഏറ്റവും പിറകിലത്തെ സീറ്റിന് തൊട്ട് മുൻപിലുള്ള സീറ്റിൽ അവൾ ഇരുന്നു… അധികം പേരും ഫാമിലിയോട് കൂടി ആയിരുന്നതിനാൽ അവൾക്ക് ആശ്വാസമായി…
അവളുടെ തൊട്ടടുത്തുള്ള സീറ്റ് ഒഴിഞ്ഞാണ് കിടന്നിരുന്നത്…
സഹയാത്രികരുടെ അനാവശ്യ ചോദ്യോത്തരങ്ങൾ ഇല്ലാതെ, അവൾ ആ യാത്ര ആസ്വദിക്കാൻ തുടങ്ങിയിരുന്നു…
മൂന്ന് ദിവസമായി തുടർന്ന യാത്രയുടെ അവസാന ദിവസമായിരുന്നു, അന്ന്…
“ഇത് നമ്മുടെ അവസാനത്തെ സ്പോട്ടാണ്…”
“ഇവിടെ പരമാവധി രണ്ട് മണിക്കൂർ ചിലവഴിക്കാം…”
ഗൈഡിൻ്റെ ശബ്ദം കേട്ട്, അവൾ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു…
ഒരു കടൽ തീരത്താണ് ബസ്സ് നിർത്തിയിരുന്നത്…
ബസ്സിൽ നിന്ന് ഓരോരുത്തരും, തിടുക്കം കൂട്ടി ബഹളത്തോടെ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു…
അവൾ തൻ്റെ വാലറ്റ്, ജീൻസിൻ്റെ പോക്കറ്റിൽ തിരുകി, അലസതയോടെ സീറ്റിൽ നിന്നും എഴുന്നേറ്റു…
ടൂറിസ്റ്റ് ഗൈഡുകളായ ചില കുട്ടികൾ അവളുടെ പിറകെ കൂടി…
“മാഡം, യെ ക്യാപ്പ് ആപ് കോ അച്ഛി തരഹ് സെ സൂട്ട് ഹോയെഗാ…”
അവൾ പുഞ്ചിരിയോടെ, ഒരു തൊപ്പി വാങ്ങി തലയിൽ വച്ചു…
കൈവെള്ളയിൽ വച്ചു കൊടുത്ത അമ്പത് രൂപയുടെ നോട്ട് കണ്ട്, കുട്ടിയുടെ കണ്ണുകളിൽ സന്തോഷത്തിൻ്റെ തിരകൾ അലയടിക്കുന്നത് അവൾക്ക് കാണാമായിരുന്നു…
കടലും തിരമാലകളും , അവൾക്ക് എന്നും, ഏറെ പ്രിയപ്പെട്ടതായിരുന്നു…
കടൽക്കാറ്റിൻ്റെ കുളിർമ്മ ആസ്വദിച്ച്, അവൾ സാവധാനം തിരകളെ ലക്ഷ്യമാക്കി നടന്നു…
തിരമാലകൾ പാദങ്ങളെ സ്പർശിച്ചപ്പോൾ , തൻ്റെ മനസ്സും ഹൃദയവും എന്തിനോ വേണ്ടിയെന്ന പോലെ വെമ്പൽ കൊള്ളുന്നത്, അവൾ തിരിച്ചറിഞ്ഞു …
പെട്ടെന്ന്, ഒരു വലിയ തിരമാല തീരത്തേക്ക് അടിച്ചു കയറി…
അവളുടെ മനസ്സിൻ്റെ തീരത്ത് ബാല്യത്തിൻ്റെ നിഷ്കളങ്കത അലയടിക്കാൻ തുടങ്ങി… ഒട്ടേറെ കൗതുകത്തോടെ, കരയിൽ അടിഞ്ഞ ശംഖുകളും കക്കകളും അവൾ വാരിയെടുത്തു…
അതിൽ ഭംഗിയേറിയ ഒരു ചിപ്പി അവളുടെ ശ്രദ്ധയിൽ പെട്ടു…
കൗതുകത്തോടെ ആ ചിപ്പി അവൾ തുറന്നു നോക്കി…. അതിൽ, അതി മനോഹരമായ ഒരു മുത്ത് കാണുമാറായി…
അവളുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് തിളങ്ങിയിരുന്നു…
അവൾ ആ മുത്തുച്ചിപ്പിയുമായി, കടൽ തീരത്തെ ഒഴിഞ്ഞ ഒരു കോണിൽ
ഇരുന്നു…
“ഹായ്…”
ചിരപരിചിതമായ ആ ശബ്ദം കേട്ട് അവൾ ഒരു നടുക്കത്തോടെ തിരിഞ്ഞു നോക്കി…
തൊട്ടുപിറകിൽ, മെലിഞ്ഞ് കണ്ണട വച്ച്, നിറഞ്ഞ പുഞ്ചിരിയുമായി, ഒരു പുരുഷൻ…
കട്ടിയുള്ള കണ്ണടയ്ക്കുള്ളിലൂടെ, അയാളുടെ നയനങ്ങളുടെ തിളക്കം അവൾ ശ്രദ്ധിച്ചു…
അയാളുടെ മുഖം, താൻ സ്വപ്നത്തിൽ കണ്ടിരുന്ന സുഹൃത്തിൻ്റേതാണെന്ന് പെട്ടെന്ന് തന്നെ, അവൾ തിരിച്ചറിഞ്ഞു…
പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാതെ, അവൾ വല്ലാതെ പരിഭ്രമിച്ചു പോയി…
“ഹലോ…”
അവൾ തിരിച്ചും അഭിവാദ്യം ചെയ്തു…
“തനിക്ക് അസൗകര്യമാകില്ലെങ്കിൽ ഞാനും കൂടെ ഇരുന്നോട്ടെ?”
മനസ്സിൽ തികട്ടി വന്ന സന്തോഷം, പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ച അവളുടെ ശ്രമം വൃഥാവിലായി… അസ്തമയ സൂര്യൻ്റെ കിരണങ്ങൾ അവളുടെ വദനത്തിന് മാറ്റുകൂട്ടി…
“യാത്ര തുടങ്ങിയത് മുതൽ, ഞാൻ തന്നെ ശ്രദ്ധിച്ചിരുന്നു…”
“താൻ എന്താ ഗ്രൂപ്പിലെ ആരുമായും കൂട്ടുകൂടാത്തത്?”
“ഏയ്, ഒന്നുമില്ല…”
“തനിച്ചുള്ള യാത്രകൾ ഞാൻ ഇഷ്ടപ്പെടുന്നു…”
“ഏറെ നാളായി കൊതിച്ചിരുന്നതാണ് ഈ യാത്ര…”
“പരിചയമുള്ള ആരും തന്നെ കൂടെ ഇല്ലാതെ, എൻ്റേതു മാത്രമായ കുറെ സമയം…”
“അത് ഏതായാലും നന്നായി…”
“ആരോടും സംസാരിക്കാതെ ഇരിക്കുമ്പോൾ , തനിക്ക് മടുപ്പ് തോന്നുന്നില്ലേ?”
“ഒട്ടും തന്നെ ഇല്ല…”
“എൻ്റെ ഭ്രാന്തൻ ചിന്തകളോട്, എല്ലാവർക്കും പൊരുത്തപ്പെടാൻ പറ്റിയെന്ന് വരില്ല…”
“എന്നാൽ ഞാൻ ഒരു ശ്രമം നടത്തി നോക്കിയാലോ?”
അവൾ ഒന്നും പറയാതെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി…
തൻ്റെ സ്വപ്നത്തിലെ, പറുദീസയിലെ സൗഹൃദം യാഥാർത്ഥ്യമാകുന്നത്, അവൾ തിരിച്ചറിയുകയായിരുന്നു…
ജീവിതമെന്ന യാത്രയിൽ, അവൾക്ക് വീണു കിട്ടിയ സൗഹൃദത്തിൻ്റെ മുത്ത്… ആ മുത്തിനെ അവൾ ആ ചിപ്പിക്കുള്ളിൽ തന്നെ ഒളിപ്പിച്ചു വെച്ചു…
illustration saajopanayamkod
design sajjaya kumar
littnow.com
littnowmagazine@gmail.com
You must be logged in to post a comment Login