കഥ
സീതയുപേക്ഷിച്ച രാമൻ
ജിത്തു നായർ
വര_ സാജോ പനയംകോട്
അസഹനീയമാം വിധം മഴ അതി കഠിനമായിത്തന്നെ തഴച്ചു പെയ്തു. മഞ്ഞിൽ പുതഞ്ഞു കിടന്ന വിജന വീഥികളിൽ മഴവെള്ളം നിറഞ്ഞു മഞ്ഞുരുകി. അന്ധകാരത്തിന്റെ സൂചിമുനകുത്തലേറ്റ വന്മരങ്ങൾ വിഷാദത്തിലാണ്ടെന്ന പോലെ കാറ്റിലിളകാൻ മറന്നു ശോകമായി നിലകൊണ്ടു.
കൊട്ടാരകെട്ടിന്റെ മുകൾ നിലയിലെ മട്ടുപ്പാവിൽ മഴയും വെയിലും ഏൽക്കാത്ത വിധത്തിൽ മറവുണ്ടായിട്ട് പോലും ചരിഞ്ഞു പെയ്ത പേമാരിയെ തടുത്തു നിറുത്തുവാനായില്ല.
ഇരുളിലേക്ക് നോട്ടമുറപ്പിച്ചു ഒരു നിഴലെന്ന പോലെ മഴയെ വകവെയ്ക്കാതെ മട്ടുപ്പാവിലെ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയ കരിങ്കൽ തൂണിൽ ചെറിയൊരു നിഴൽ പോലെ അയോദ്ധ്യ മഹാരാജൻ ശ്രീരാമൻ ചാരി നിൽപ്പുണ്ടായിരുന്നു.
നനഞ്ഞു കുതിർന്ന നീളമേറിയ മുടിയിഴകളിൽ നിന്നും ജലത്തുള്ളികൾ അദ്ദേഹത്തിന്റെ കഴുത്തിലൂടെ ഒലിച്ചിറങ്ങി. വസ്ത്രങ്ങളുടെ അവസ്ഥയും വത്യസ്തമായിരുന്നില്ല. നിമിഷം കഴിയും തോറും മഴയുടെ അക്രമ സ്വഭാത്തിനു കാഠിന്യമേറി വന്നു. അതൊന്നും വക വയ്ക്കാതെ അദ്ദേഹം ആ കൽ തൂണോട് ചാരി മറ്റൊരു ശില പോലെ നിന്നു.
അദ്ദേഹത്തിന്റെ മനസ്സിലും മറ്റൊരു മഴ പെയ്തിറങ്ങുകയായിരുന്നു. നഷ്ടങ്ങളുടെ ഭാരം പേറി ആ മഴ അദ്ദേഹത്തിന്റെ മിഴികളിലൂടെ പുറത്തേക്ക് കുത്തിയൊലിച്ചു കൊണ്ടിരുന്നു.
അയോദ്ധ്യധിപതി മഹാൻ ശ്രീ രാമന്റെ മറ്റാരും കാണാത്ത മുഖം…
വീരൻ…. വില്ലാളി വീരൻ.. ദയാവാൻ…ത്യാഗി….
പുകഴ്ത്തിപ്പറഞ്ഞു കേട്ട രാമന്റെ കഥകളിൽ ആരും കണ്ടിട്ടില്ലാത്ത മറ്റൊരു മുഖം…
നിഷേധിക്കപ്പട്ട സ്നേഹത്തിന്റെ മുഖം. പ്രാണേശ്വരിയെ നഷ്ടമാകുന്ന ദുഖിതന്റെ മുഖം…
നേരം പുലരുന്നത് ഇനിയൊരു നഷ്ടത്തിന് കൂടി സാക്ഷ്യം വഹിച്ചുകൊണ്ടാവും.
സീത വിടപറയുകയാണ്. കൊട്ടാരം വെടിഞ്ഞു, രാമനെ വിട്ട് പിരിയുകയാണ്.
“രാവണനെ പോലെയൊരുവന്റെ കൂടെ കഴിഞ്ഞവളാണ്… അവൾ പരിശുദ്ധയാവണമെന്ന് എന്താണിത്ര ഉറപ്പ്.. ഇങ്ങനെയൊരുവളെ മഹാറാണിയായി കാണുന്നതെങ്ങനെ…”
അയോദ്ധ്യയിലെ സാധാരണ ജനങ്ങൾക്കിടയിൽ സീതയെ പോലെയൊരു സ്ത്രീ രത്നത്തിന് ഏൽക്കേണ്ടി വന്ന സംശയ ശരങ്ങൾ അനവധി. ആ വാക്കുകൾ നൽകിയ ഞെട്ടലിൽ നിന്നും രാമൻ ഇത് വരെ മോചിതനായിട്ടില്ല.
“എല്ലാം അറിഞ്ഞിട്ടും മഹാരാജാവ് മൗനം പാലിക്കുകയാണ്. നമ്മൾ ജനങ്ങളുടെ വിധി. നമുക്കൊരു ന്യായം അദ്ദേഹത്തിന് മറ്റൊന്ന്…” പരസ്യമായി അല്ലെങ്കിലും ജനങ്ങൾ രാമന്റെ നീതിയോട് അസഹിഷ്ണുത രഹസ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നു…
“ഇതിനൊരു പ്രതിവിധിയെ ഉള്ളു പ്രഭോ..” രാമന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ സീത ദേവി തന്നെ മാർഗ്ഗവും നിർദേശിച്ചു. അത് ഇങ്ങനെയൊനാവുമെന്ന് രാമൻ സ്വപ്നേപി നിനച്ചതല്ല.
മിഥിലാ പുത്രി, ജാനകി… കൊട്ടാരം വിട്ട് , രാജ്യം വിട്ട് പോകുന്നതാണ് നന്നത്രെ.. രാമാനതെങ്ങനെ കഴിയും ?
സീതക്ക് വേണ്ടി രാജ്യമുപേക്ഷിക്കാം. പക്ഷെ സീതയെ…. വയ്യ…
സീതയെ പിരിയുന്ന ആ നിമിഷം ഓർമ്മയിൽ വന്ന മാത്രയിൽ പിടിച്ചു നിറുത്തുവാൻ കഴിയാത്ത വ്യഥയിൽ രാമൻ മട്ടുപ്പാവിൽ കെട്ടി നിന്ന മഴവെള്ളത്തിലേക്ക് മുട്ട് കുത്തി വീണു.
തൊണ്ടയിൽ കുരുങ്ങി നിന്ന ആർത്തനാദം ഒരു മാത്ര അദ്ദേഹത്തിന് പിടിച്ചു നിറുത്തുവാനായില്ല. സങ്കടങ്ങൾ എല്ലാം ആ മഴയിൽ ഒലിച്ചു പോയിരുന്നുവെങ്കിൽ എന്നദ്ദേഹം ആഗ്രഹിച്ചു. മഴയോടൊപ്പം കുറെയധികം മിഴിനീർ ഒലിച്ചു പോയതല്ലാതെ നെഞ്ചിലെ ഭാരം ഒരു തരി പോലും കുറഞ്ഞില്ല.
ഇനിയീ ഒരു രാത്രി കൂടി… നേരം പുലരുമ്പോൾ സീത പോവുകയാണ്…
സീത മാത്രമാണ് രാമന് പ്രിയപ്പെട്ടവൾ. അവളല്ലാതെ മറ്റൊരുവളെ സങ്കല്പിക്കുവാൻ പോലുമാവില്ല രാമന്. ആ സീതക്ക് വേണ്ടിയാണല്ലോ കാടും മലകളും കടലും കടന്ന് ലങ്കേശനെ നേരിട്ടത് പോലും.
“രാജാവിന്റെ അപമാനം, റാണിയുടേത് കൂടിയാണ്..പ്രജകളുടെ ക്ഷേമം മാത്രമാണ് ഒരു രാജാവിന്റെ കർത്തവ്യം. ഭർത്താവിന്റെ ക്ഷേമമാണ് പത്നീ ധർമ്മം. അങ്ങയുടെ ജീവിതത്തിൽ ഒരു കളങ്കമായി തീരുവാൻ എനിക്ക് കഴിയില്ല.. പ്രജകൾക്ക് മുന്നിൽ പരാജിതനായല്ല, അവരുടെ അപമാന വാക്കുകളെ ഭയന്നല്ല.. തലയുയർത്തി നിൽക്കേണ്ടവനാണ് ശ്രീ രാമൻ…”
സീതയുടെ വാക്കുകളൊന്നും തന്നെ രാമാനുൾക്കൊള്ളുവാൻ ആകുന്നതായിരുന്നില്ല. മനസ്സിലെ ഭാരമേറിയ ചിന്തകൾ തന്നെ ധാരാളമായിരുന്നു അദ്ദേഹത്തെ കുത്തി നോവിക്കുവാൻ.
“പോവാതിരുന്നൂടെ… ഇനിയും വയ്യ നിന്നെ പിരിയാൻ… വയ്യ സീതേ..” മുറിപെട്ട വാക്കുകൾ പാതിയിലെവിടെയോ നഷ്ടമായി.
“ഇങ്ങനെ തളരരുതേ അങ്ങ്…” സീത അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ഇതെന്റെ തീരുമാനമാണ്. നമ്മൾ പിരിയുന്നതാണ് നല്ലത്. ശ്രീ രാമന്റെ കൈകൾ പത്നിയുടെ ചേലത്തുമ്പിൽ കെട്ടിയിടാനുള്ളതല്ല.. അങ്ങ് ഈ രാജ്യത്തിൻറെ മാത്രം അധികാരമാണ്… “
ശ്രീരാമന്റെ ഒരു വാക്ക് പോലും സീതയെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഉതകുന്നതായിരുന്നില്ല…
മിഥിലയിൽ സുരക്ഷിതമായി എത്തിക്കാം എന്നദ്ദേഹം പറഞ്ഞു.
“വിവാഹം കഴിഞ്ഞ സ്ത്രീയുടെ കുടുംബം ഭർത്താവിന്റേതാണ്.. അങ്ങില്ലാതെ മിഥിലയിൽ കാല് കുത്തുവാൻ എനിക്കാവില്ല.. ഭർതൃമതിയായി അവിടെ നിന്നും പടിയിറങ്ങിയതാണ് ഞാൻ. തിരികെയങ്ങോട്ട് തനിച്ചു പോകുവാനെനിക്കാവില്ല…”
“സീതേ..”
“പ്രഭോ എന്നെ ഇനി നിർബന്ധിക്കരുതേ.. പിടിച്ചു നിൽക്കുവാൻ കഴിഞ്ഞെന്ന് വരില്ല…”
പിന്നെ നിർബന്ധിച്ചില്ല.
പുലർച്ചെ എല്ലാം ഉപേക്ഷിച്ചവൾ പോകും. ഒപ്പം ചെല്ലാൻ പോലും അനുവാദമില്ല. രാമൻ വെറും സാധാരണ മനുഷ്യനെ പോലെ തളർന്നു പോയി. തകർന്നു പോയി. സീതയില്ലാതെ രാമന് എന്ത് സന്തോഷം?
സീതയില്ലാത്ത രാമൻ അയോദ്ധ്യധിപതി ആയിരിക്കും. പക്ഷെ പഴയ രാമനെ അവിടെ ആ മഴവെള്ളത്തിൽ ആ നിമിഷം അദ്ദേഹം ഉപേക്ഷിച്ചു. ആത്മാവിനെ നഷ്ടപ്പെടാൻ പോകുന്ന ശരീരത്തിന്റെ അവസാന പിടച്ചിൽ അദ്ദേഹം അറിഞ്ഞു.
നേരിയ തോതിൽ മഴക്ക് ശമനം വന്നു.
കിഴക്ക് വെളിച്ചം പരന്നു തുടങ്ങി.
പുലർച്ചെയറിയിച്ചു കൊണ്ട് കാഹളം മുഴങ്ങി.
അപ്പോഴും രാമൻ കരഞ്ഞു തോരാത്ത മിഴികളുമായി മട്ടുപ്പാവിൽ മഴയുടെ അവശേഷിപ്പുകൾക്കൊപ്പം കിടന്നു. നഷ്ടത്തിന്റെ അളവുകൾ അധികാരമായി തന്നു സീത പോകുമ്പോൾ തകർന്ന മനസ്സിന്റെ അവശേഷിപ്പുകൾ ഭാരമായി നെഞ്ചിൽ കുടി വച്ച് രാമൻ ജീവിക്കണം.
സീതയെ തള്ളിപ്പറഞ്ഞ ജനങ്ങൾ ഇനിയുള്ള നാളുകളിൽ രാമനെ തള്ളിപ്പറയുമെന്നറിഞ്ഞു കൊണ്ട് തന്നെ…
രാമൻ സീതയെ ഉപേക്ഷിച്ചു എന്നവർ പറയട്ടെ…
littnow.com
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക. littnowmagazine@gmail.com
You must be logged in to post a comment Login