Connect with us

കവിത

ജീവിതമിപ്പോഴും ചെറുപ്പം (ഇൻബോക്സിൽനിന്ന്)

Published

on

സിവിക് ചന്ദ്രൻ

വര_ സാജോ പനയംകോട്

ഹായ്! എന്നെ ഓർമ കാണുമോ,ആവോ?
ഉണ്ടാവില്ലെന്നറിയാം,എന്നാലുo…

അക്കാലത്തെ സുന്ദരിപ്പെണ്ണല്ലേ താൻ!
ഓർക്കാതിരിക്കുന്നതെങ്ങനെ?

ഹ ഹ ഹ , അത്ഭുതം തന്നെ.
എന്നെ ഇത്രയായിട്ടും മറന്നില്ലെന്നോ?

നമ്മളധികം സംസാരിച്ചിട്ടില്ല ,പക്ഷേ
എനിക്ക് തന്നെ ഇഷ്ടമായിരുന്നു…

അയ്യോ… അന്ന് പറഞ്ഞിരുന്നെങ്കിൽ
ഞാൻ രക്ഷപ്പെട്ടേനല്ലോ
ഹ ഹ ഹ…
അന്ന് പറഞ്ഞില്ല
എൻ്റെ നഷ്ടം!
അല്ലല്ല ,എൻ്റെ നഷ്ടം.
നാമോരോരുത്തരും അവരവർക്കു
കിട്ടുന്ന ഓരോരോ ജീവിതങ്ങളിലേക്ക്
വലിച്ചിഴക്കപ്പെടുന്നു…
വിധി എന്നു വിളിക്കുന്നത്
ഈ അനുഭവത്തെയാണല്ലേ…
ആട്ടെ ,പഴയ പട്ടുപാവാടക്കാരിയുടെ
പടമേതെങ്കിലും കിട്ടാനുണ്ടോ ?
അല്ലേൽ വേണ്ട ,ഓർമയിലുണ്ടല്ലോ
ആ ചുന്തരിക്കോത!….
ഹ ഹ ഹ .വയസ്സായി
നാമിരുവർക്കും…

നമുക്കു മാത്രമല്ല,
ലോകത്തിനും …
പക്ഷേ
ജീവിതമിപ്പോഴും ചെറുപ്പം…

littnow

Littnow ലേക്ക് രചനകൾ അയക്കുമ്പോൾ ഫോട്ടോയും വാട്സാപ് നമ്പരും ഉൾപ്പെടുത്തുക. കമൻ്റ് ബോക്സിൽ എഴുതാൻ മറക്കണ്ട. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്.

littnowmagazine@gmail.com

Continue Reading
2 Comments

2 Comments

  1. സി ഗണേഷ്

    January 31, 2022 at 2:51 am

    സിവിക്കിൻ്റെ കവിത സ്പർശിച്ചു.
    സി ഗണേഷ്

  2. SANIL NADUVATH

    January 31, 2022 at 2:59 am

    Good….

You must be logged in to post a comment Login

Leave a Reply

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending