കവിത
കോന്തല

അഭിരാമി . എസ്. ആർ.
നെയ്ച്ചാള, നെത്തോലി, വരാല്, മത്തി
നാല് കൂട്ടം പലകേല് നെരത്തി
ഐസ് വെള്ളം തേവിയൊഴിച്ച്
ഊർന്നുപോയ മുണ്ടിന്റെ കോന്തല
ബ്ലൗസേലും തിരുകി മൂരി നെവർന്നപ്പോ
വെട്ടുകാരൻ അവറാച്ചന്റേതടക്കം
പന്ത്രണ്ടു കണ്ണുകളെന്റെ മേത്താ!
പെരുത്തു വന്ന മൂച്ചിന്
വെട്ടുകത്തിയൂരി
പലകേലഞ്ചാറ് വെട്ടോങ്ങി
“എന്നതാടീ കൊച്ചമ്മിണീ
എറച്ചി വെട്ടാൻ കൂടുന്നോ?
പോത്തിന്റെ കരളു പറിക്കാൻ
നെന്റോങ്ങല് ബെസ്റ്റാ”
അവറാച്ചന്റെ കണ്ണ് ഒന്നൂടെന്റെ
മേത്ത് ചൂഴ്ന്നു
“ഈ മീൻ വെട്ടുന്ന കത്തീ-
ങ്കൊട്ടെങ്ങനാ ചട്ടുകാലനൗതേടെ
മോനവറാച്ചാ ഞാൻ
കരളു പറിക്കുന്നേ?
പോത്തിന്റെ കിടുസാമണി
വേണേലരിഞ്ഞെടുക്കാം”
മീങ്കാരത്തിപ്പെണ്ണുങ്ങടെ
ചിരി പൊട്ടീപ്പോളവറാച്ചന്റേ-
തുൾപ്പെടെ പന്ത്രണ്ട് കണ്ണിന്റേം
നോട്ടം താണു.
“എവക്കട നാവേ ചെന്ന്
പെഴയ്ക്കാനൊക്കുകേല,
അസത്ത്”
കൂട്ടത്തിലേതോ ഒരുത്തൻ മുരണ്ടു
ചന്തയ്ക്ക് മോളിലെപ്പോഴും
പരുന്തും കഴുകനും
വട്ടമിട്ട് പറക്കും
തരം കിട്ടിയാ മീനോ
എറച്ചിയോ കുഞ്ഞൻകോഴിയോ
കൊത്തിവലിച്ച് പറക്കും
അതുങ്ങളുമായൊള്ള യുദ്ധത്തിനെടയ്ക്ക്
ഒള്ള മീൻ വിറ്റ്
കിട്ടുന്ന ബ്ലൗസേത്തിരുകുമ്പോളേക്കും
എച്ചിലു വാരാൻ യൂണിയനെന്നും
വാടകേന്നുമ്പറഞ്ഞാളുമെത്തും
“എല നക്കി നായേടെ
ചൊടി നക്കി നായ്ക്കൾ!
ക്രാത്ഫൂ!”
മേത്തപ്പടി ചെതുമ്പലാ
ഒരച്ചാലും തേച്ചാലും
നഹത്തിനിടുക്കേലോ
കൈമടക്കേലോ
കഴുത്തേലോ
ചെതുമ്പല്‍ പൊറ്റപിടിച്ചിരിക്കും
കണ്ണാടിത്തുണ്ട് പതിപ്പിച്ച
സാരി പാഷനായപ്പോ
ഞാൻ ചെതുമ്പല്‍ ചൊരണ്ടല് നിർത്തി
കൊച്ചമ്മമാർടെ സാരിയേലിരുന്ന്
തെളങ്ങുന്നേനെക്കാ
നല്ലൊന്നാന്തരവായിട്ടാ
എന്റെ മേത്തെ മീഞ്ചെതുമ്പല്
വെട്ടത്ത് തെളങ്ങുന്നേ
കുളിച്ചാലും നനച്ചാലുമ്പോവാത്ത
മീമ്മണവാ
ഞങ്ങ മീങ്കാരത്തികക്ക്
ഒരു കണക്കിനതൊരുശിരാ
മണം പെരുത്തിട്ടൊരുത്തനും
മേത്ത് തൊടാൻ വരത്തില്ല
പട്ടിയെ ആട്ടുമ്പോലത്തെ
നാക്കുങ്കൂടാവുമ്പോ
ഏമാന്മാരുമടുക്കത്തില്ല
പിന്നെ വാറ്റ് വയറ്റീച്ചെന്നാ
ചന്തേത്തന്നൊള്ള ചെല
തള്ളയില്ലാത്തോമ്മാര്
ചെറ്റ പൊക്കിയാലുമായി
അവമ്മാർക്കിട്ടോങ്ങാനാ
പെണ്ണുങ്ങടെ തലയണക്കീഴേലും
മുണ്ടിന്റെ കോന്തലേലും
വാക്കത്തിയൊളിപ്പിക്കുന്നേ
“സാറേ വാ സാറേ
ഇപ്പപ്പിടിച്ചിട്ട നല്ല പെടയ്ക്കുന്ന
മീനാ സാറേ
വന്നൊന്നെടുത്തേച്ചും പോ സാറേ”
മുണ്ടിന്റെ കോന്തല പിന്നേമൂർന്നു.

Uncategorized4 years agoഅക്കാമൻ
സിനിമ3 years agoമൈക്ക് ഉച്ചത്തിലാണ്
കല4 years agoഞാൻ പുതുവർഷത്തെ വെറുക്കുന്നു
ലോകം4 years agoകടൽ ആരുടേത് – 1
കവിത4 years agoകവിയരങ്ങിൽ
വിനോദ് വെള്ളായണി
കായികം4 years agoജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും
സിനിമ3 years agoഅപ്പനെ പിടിക്കല്‍
ലേഖനം4 years agoതൊണ്ണൂറുകളിലെ പുതുകവിത
















Aravindan K M
October 2, 2021 at 12:16 pm
Good
PANMANA MAJEED,
October 2, 2021 at 1:35 pm
അനനുകരണീയത.
അപൂർവ്വാനുഭവവേദ്യത.
ആണൊന്നുമല്ലന്നൊരറിവിന്നുറവ.
അനുമോദനാശംസ.
Sunil
March 31, 2022 at 1:23 pm
Nalla avatharanam congrats
Arya Raj R
April 16, 2022 at 11:38 am
കൈകാര്യം ചെയ്ത ഭാഷ.. വിഷയം… നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ..