കായികം
ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും

സജ്ജയകുമാർ
“വ്യക്തിപരമായി ഞാൻ വാക്സിനേഷനെ എതിർക്കുന്നു, യാത്ര ചെയ്യുന്നതിനായി വാക്സിൻ എടുക്കാൻ നിർബന്ധിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല” ജോക്കോവിച്ച് 2020 ഏപ്രിൽ 19 ന് പറഞ്ഞു. ഇപ്പോൾ 2022 ജനുവരി ആയപ്പോഴേക്കും ഈ നിലപാടുകാരണം ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാൻ ആവാതെ ആ മണ്ണിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ് എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ഈ സെർബിയക്കാരൻ .
2020 ജൂണിൽ അദ്ദേഹം വിവാദമായ അഡ്രിയ ടൂർ സംഘടിപ്പിച്ചു, സാമൂഹിക അകലം പാലിക്കാതെ ധാരാളം ജനങ്ങൾ ഒത്തുകൂടിയ ഒരു ടൂർണമെൻറ്. കളിക്കാർക്കും അവരുടെ ചില അടുത്ത കോൺടാക്റ്റുകൾക്കും കോവിഡ് പിടിപെട്ടപ്പോൾ ടൂർണമെൻറ് നേരത്തെ അവസാനിപ്പിക്കേണ്ടിവന്നു ഒരാഴ്ചയ്ക്കുശേഷം തനിക്ക് കോവിഡ് ബാധിച്ചതായി ജോകോവിക് സ്വീകരിക്കുകയും ചെയ്തു.
തന്റെ കരിയറിലെ ഏറ്റവും വലിയ ഉയർച്ചയിൽ നിൽക്കുമ്പോഴാണ് ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനുള്ള അവസരം വാക്സിൻ വിരുദ്ധ നിലപാടിലൂടെ ജോക്കോവിച്ച് തുലച്ചുകളഞ്ഞത്. വരുന്ന ഫ്രഞ്ച് ഓപ്പണിലും അദ്ദേഹത്തിന് കളിക്കാൻ കഴിയുമോയെന്നത് സംശയമാണ്. ദശലക്ഷക്കണക്കിന് ഡോളർ സമ്മാനത്തുകയും ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടിയ കളിക്കാരൻ എന്ന ചരിത്ര നേട്ടവും തന്റെ നിലപാടുകൾക്കു വേണ്ടി ത്യജിച്ചിരിക്കുകയാണ് ജോക്കോവിച്ച് എന്ന് വേണമെങ്കിൽ പറയാം.
ജോക്കോവിച്ചിന് പ്രവേശനം നൽകാതിരിക്കുക വഴി ഓസ്ട്രേലിയൻ ഗവൺമെന്റ് ലോകത്തിന് വലിയൊരു സന്ദേശം നൽകുകയാണോ ചെയ്തത്?

അതോ വ്യക്തിസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണോ സംഭവിച്ചത്?
വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെ നിയന്ത്രിക്കും വിധം വാക്സിനേഷൻ നിബന്ധനകൾ കൊണ്ടുവരുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ ലോകമെമ്പാടും പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ പൊതു നന്മയെ കരുതി ന്യായമായ ഏന്തു നിയന്ത്രണം കൊണ്ടുവരുവാനും ഭരണകൂടങ്ങൾക്ക് അധികാരമുണ്ട് എന്നതാണ് മറുപക്ഷം.
നിർബന്ധിത വാക്സിനേഷനാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും വാദിക്കുന്നവരും വാക്സിനേഷനെ അപ്പാടെ എതിർക്കുന്നവരും ഇന്ത്യയിലുമുണ്ട്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശത്തിന് എതിരാണിതെന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഈ വാദമുന്നയിച്ചു ഫയൽ ചെയ്ത ഒരു കേസ് സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയുമാണ്.
ഈ കേസിൽ സർക്കാരിനുവേണ്ടി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഗവൺമെന്റിന്റെ മാർഗനിർദേശങ്ങളിലൊന്നും നിർബന്ധിത വാക്സിനേഷൻ വിഭാവനം ചെയ്യുന്നില്ല എന്നും ഓരോ വ്യക്തിയുടെയും സമ്മതശേഷം മാത്രമാണ് വാക്സിനേഷൻ എടുക്കുന്നതെന്നും പറയുന്നുണ്ട്. ‘വാക്സിനേഷൻ വിശാലമായ സമൂഹതാൽപര്യത്തിനു വേണ്ടിയുള്ളതാണ്, കോവിഡിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്,’ സത്യവാങ്മൂലം പറയുന്നു.
നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം. നിയമ സ്ഥാപിത നടപടി മുഖേനയല്ലാതെ ഏതൊരാളുടേയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ അപഹരിക്കാൻ പാടില്ലെന്ന് ഈ വകുപ്പ് അനുശാസിക്കുന്നു. സുപ്രീംകോടതിയുടെ വിവിധ വിധികളിലൂടെ ഈ അവകാശങ്ങളുടെ വ്യാപ്തി വിപുലീകരിച്ചിട്ടുമുണ്ട്. നിർബന്ധിത വാക്സിനേഷൻ അടിച്ചേൽപ്പിക്കാതിരിക്കുക വഴി വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുവരുത്തുകയും സഞ്ചാര അനുമതിക്കു ന്യായമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് നിയമസ്ഥാപിതമായ നടപടി ആയതിനാൽ ഭരണഘാനാനുഛേദാനുസൃതവുമാണ്.
ലോകത്തിലെ ഏറ്റവും ഉദാരവും സമതുലിതവുമായ ഇന്ത്യൻ ഭരണഘടനയുടെ ഈ വെളിച്ചത്തിലേക്ക് ജോക്കോവിച്ചിന്റെ വാക്സിനേഷൻ നിലപാടുകൾ പ്രാജക്ട് ചെയ്യാവുന്നതാണ്. “എനിക്ക് വേണ്ടാത്തത് എന്തെങ്കിലും എന്റെ ശരീരത്തിൽ കുത്തിവയ്ക്കാൻ ആരെങ്കിലും എന്നെ നിർബന്ധിക്കുന്നുണ്ടോ എന്നതാണ് വാക്സിനുമായി ബന്ധപ്പെട്ട എന്റെ പ്രശ്നം.. എന്നെ സംബന്ധിച്ചിടത്തോളം അത് അസ്വീകാര്യമാണ്. ഞാൻ ഒരു തരത്തിലുള്ള വാക്സിനേഷനും എതിരല്ല, കാരണം ലോകമെമ്പാടും വൈദ്യശാസ്ത്രരംഗത്തും ജീവൻ രക്ഷിക്കുന്നവരുമായ ആളുകൾ ഉള്ളപ്പോൾ വാക്സിനുകളെ കുറിച്ച് സംസാരിക്കാൻ ഞാൻ ആരാണ്?” ഇതാണ് അദ്ദേഹത്തിന്റെ വാക്കുകൾ .
മറ്റുകളിക്കാരുടെ സ്ഥിതിയും ഓസ്ട്രേലിയൻ നിയമവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. 2021 ഒക്ടോബറോടെ, എടിപി /ഡബ്ല്യുടിഎ കളിക്കാരിൽ 60 ശതമാനത്തിലധികം പേർ വാക്സിൻ എടുത്തുകഴിഞ്ഞിരുന്നു, അതേ മാസത്തിൽ തന്നെ ഓസ്ട്രേലിയൻ സർക്കാർ, വരാനിരിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാജ്യത്തിന്റെ വിസ നിയമപ്രകാരം പൂർണ്ണവാക്സിനേഷന്റെ തെളിവ് നൽകേണ്ടിവരുമെന്ന് അറിയിക്കുകയും ചെയ്തു. “ഓസ്ട്രേലിയ സന്ദർശിക്കാൻ നിങ്ങൾ രണ്ടുതവണ വാക്സിനേഷൻ എടുക്കേണ്ടതുണ്ട്. അത് എല്ലാ വ്യക്തികൾക്കും ബാധകമാണ്, ടെന്നീസ് കളിക്കാർക്ക് മാത്രമല്ല,” ഓസ്ട്രേലിയൻ നിയമം വ്യക്തമാക്കിക്കൊണ്ട് മന്ത്രിയാ അലക്സ് ഹോക്ക് പറഞ്ഞു.
എല്ലാ സന്ദർശകർക്കും വാക്സിനേഷൻ നൽകണമെന്ന ഓസ്ട്രേലിയയുടെ ഈ നിബന്ധനകളിൽ നിന്ന് ഇളവു നൽകിക്കൊണ്ട് ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ വിസ അനുവദിച്ചിരുന്നു. ആ ഇളവ് ഓസ്ട്രേലിയയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കു കാരണമായി. പ്രായപൂർത്തിയായവരിൽ 90 ശതമാനത്തിലധികം പേർക്കും വാക്സിനേഷൻ നൽകിയിട്ടുള്ള രാജ്യമാണ് ആസ്ടേലിയ. സമീപകാലത്തെ തീവ്രമായ കോവിസ് പടരൽ മൂലം ഈ ഇളവു നൽകാനാവില്ലെന്നതാണ് ഇപ്പോഴത്തെ ഓസ്ട്രേലിയൻ നിലപാട്.
ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും ഓസ്ട്രേലിയൻ സർക്കാരിന്റെ നിലപാടുകളുടെ കാലക്രമവും പരിശോധിച്ചാൽ ആ നിലപാടുകൾ ശരിയെന്നേ പറയുവാൻ കഴിയൂ. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും അതേസമയം നിയമവിധേയമായ നിയന്ത്രണങ്ങൾ കൊണ്ടുവരുവാനുള്ള ഭരണകൂടങ്ങളുടെ അവകാശത്തെ അംഗീകരിക്കുകയും ചെയ്യുന്ന നിലപാടാണിത്, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതും അതുതന്നെ.

“എനിക്ക് ജോക്കോവിച്ചിനോട് സഹതാപമുണ്ട്. എന്നൽ, ഒരുപാടു മുമ്പുതന്നെ ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നതിനാൽ ഇത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായി മാത്രമേ കാണാനാവൂ” എന്ന റാഫേൽ നദാലിന്റെ വാക്കുകളാണ് നമുക്കും സ്വീകാര്യമാവുക.
littnow

You must be logged in to post a comment Login