ലേഖനം
നെല്ലിമരങ്ങൾ
ഡോ.സുരേഷ് നൂറനാട്
വാങ്മയം: 10
സ്കൂൾ മുറ്റത്തെ നെല്ലിമരം കവിതയിൽ നിത്യഭാസുരമായി നിൽക്കുന്നു.ഒന്നുകിൽ ഒരു മുതുക്കൻനെല്ലി.ജരാനരകൾ ബാധിച്ച് അങ്ങുമിങ്ങും ഇലകളുമായി വിളഞ്ഞു പളുങ്കുപോലെ നെല്ലിക്കകളുമായി സ്ഥാനം പിടിക്കുന്നു. അണ്ണാറക്കണ്ണൻമാരുടെ വിളയാട്ടത്തിനിടയിൽ ഒന്ന്, രണ്ട്, മൂന്ന്.. ക്രമത്തിൽ കായ്കൾ വീണുകൊണ്ടിരിക്കും.
‘കയ്പും ചവർപ്പും മധുരവും’ എന്ന് ഓ. എൻ. വി.കുറുപ്പ് കവിതചൊല്ലുമ്പോഴുള്ള മുഖവും ചിരിയും ഓർമ്മ വരുന്നു.ചില കവികൾക്ക് നെല്ലിയെ പാട്ടം പിടിച്ചിരിക്കുന്ന ഭാവമാണ്.
കാവ്യാസ്വാദനത്തിൻ്റെ ഉന്നതമായ തലം ധ്വനിയെന്ന് പരക്കെ പറയാറുണ്ട്. അർത്ഥപരമ്പരകളെ തോന്നിപ്പിക്കുന്നതിൻ്റെ സൗന്ദര്യമാണ് ധ്വനിയെങ്കിൽ അതിനെ ഉദാഹരിക്കാനാണ് ഇനിയുള്ള ശ്രമം. നെല്ലിക്ക കഴിക്കുമ്പോഴുള്ള പുളി ചവർപ്പ് മധുരം എന്നും പിന്നീട് തൊടിയിലെ കിണർ വെള്ളം കുടിച്ചാലുള്ള അനുഭൂതിയെന്നും മാഷന്മാർ വിശദീകരിക്കും. ധ്വനിയില്ലാതെ കവിതയില്ലെന്ന് പറയാനാരുമില്ല.’മരം പോലെ നിന്നു ‘എന്നും പറയാറില്ലേ. നെല്ലിക്കാത്തളം വെച്ചാലും മാറില്ല ഈ പ്രാന്ത്.
വറ്റെ പൊടി പാറിവീഴുന്ന ഉണക്ക നെല്ലിയിലകൾ തൂക്കാൻ നന്നേ പ്രയാസമാണ്. സ്കൂളിൽ പെൺകുട്ടികൾ അത് തൂത്തുരസിക്കയും നെല്ലിച്ചുവട്ടിലിരുന്ന് കൊത്തം കല്ലുകളിക്കയും ചെയ്യാറുണ്ട്.
ഒരിക്കൽ നാഗർകോവിലിലുള്ള തമിൾസുഹൃത്തിൻ്റെ വീട്ടിൽ പോകേണ്ടതായിവന്നു. തമിഴ്-മലയാളം കവിതയിൽ ഗവേഷണം നടത്തുന്ന കൂട്ടുകാരൻ.അവൻ്റെ അച്ഛൻ ഏക്കർ കണക്കേ പുളിമരത്തോട്ടത്തിനുടമയാണ്. പറമ്പിൽ നെല്ലിമരങ്ങളും ധാരാളമായിട്ടുണ്ട്. ലോറി ക്കണക്കിന് നെല്ലിക്ക തോട്ടങ്ങളിൽ കൂനകൂടിക്കിടക്കും. അവിടങ്ങളിൽ പെൺകുട്ടികൾക്ക് സ്ത്രീധനം കൊടുക്കുന്നത് ഇപ്പോഴും ഇത്ര ഏക്കർ നെല്ലിത്തോട്ടങ്ങളും ചേർത്താണ്. തമിൾ ഡിപ്പാർട്ട്മെൻ്റിലെ ഒരു പ്രൊഫസർക്ക് അവിടെ പത്ത് ഹെക്ടർ നെല്ലിക്ക പറിക്കാനുണ്ട് എന്ന് കേട്ട് ഞാൻ ഞെട്ടി. സംഘം കവിതയിലെ തിണപ്പൊരുൾ തേടുന്ന പ്രൊഫസർക്ക് യോജിച്ച പണി തന്നെ. ‘കീഴാളരുടെ കവിതയിലെ റിയലിസ്റ്റ് പ്രവണതകൾ’ എന്നായിരിക്കാം ആ പ്രൊഫസർ ശിഷ്യന്മാർക്ക് നല്കുന്ന ഗവേഷണ വിഷയം. ധ്വനിയെന്നായിരിക്കില്ല. ധ്വനി താങ്ങാനുള്ള ശക്തി കവിതയിലെ പാവം മനുഷ്യർക്ക് ഉണ്ടായെന്നു വരില്ല. ‘നെല്ലിക്ക തിന്ന് വെള്ളം കുടിച്ചു ‘എന്നു പറയാറില്ലേ അത്രേയുള്ളൂ കഥ.
ചിത്രം: കാഞ്ചന.എസ്
Design: Sajjaya Kumar
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
Kanchana
March 6, 2022 at 3:56 pm
അതീവഹൃദ്യാനുഭവം.ആശംസകൾ.