ലേഖനം
പശ്ചിമകൊച്ചിയുടെചരിത്രസാംസ്കാരികപാരമ്പര്യം
ഡോ.സിനി സന്തോഷ്
ചരിത്രം എന്നാൽ രാഷ്ട്രീയചരിത്രമാണെന്ന പൊതുധാരണയെ ശരിവയ്ക്കുന്നവയാണ് ദേശീയചരിത്രങ്ങൾ.
കൊളോണിയൽ ബോധത്തെ പിൻപറ്റുന്ന ഇവ ഏകശിലാത്മകസൃഷ്ടികളാണ്. ഓരോ കാലത്തെയും ബൗദ്ധികവും സൈദ്ധാന്തികവുമായ ചിന്താഗതികൾക്കനുസൃതമായായിരുന്നു ഇവയുടെ ആഖ്യാനരീതികൾ. അതുകൊണ്ടു തന്നെ അധികാര പ്രത്യയശാസ്ത്രനിർമ്മിതമായ ഇവയിൽ സാധാരണക്കാർ ഉൾപ്പെട്ടിരുന്നില്ല. ആധുനിക കാലഘട്ടത്തിലെത്തുമ്പോൾ ഭൂതകാലത്തിന്റെ പാഠഭേദങ്ങളായ ഇത്തരം രാഷ്ട്രീയചരിത്രങ്ങളുടെ അപര്യാപ്തത ഡി.ഡി. കൊസാംബിയെപ്പോലുള്ളവർ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നൂതന സരണി തുറന്നുതരികയും ചെയ്യുന്നുണ്ട്.
റോബർട്ട് ഡൗഷിന്റെ പ്രാദേശികതാവാദം റെയ്മണ്ട് വില്യംസിന്റെ സംസ്കാരനിർവചനങ്ങൾ വിവിയൻ സോബ്ചോക്സിന്റെ ജനപ്രാതിനിധ്യകാഴ്ചപ്പാടുകൾ എഡ്വേർഡ് സോജയുടെ സാമൂഹികമായ ഇടം ഇവയെല്ലാം ചരിത്രസങ്കല്പനത്തെ പുനർനിർവചിച്ചു. ജനതയുടെ സാംസ്കാരിക സാമൂഹ്യ അവസ്ഥയെ പ്രതിപാദിക്കാതെ ചരിത്രത്തിന് പ്രസക്തിയില്ലെന്ന വസ്തുത ഇതോടെ വ്യക്തമായി. ഇത്തരത്തിലുള്ള വിശാലവ്യവഹാരമേഖലയെ ഉൾക്കൊള്ളുവാൻ സാമ്പ്രദായികരീതിക്കുള്ള പരിമിതിയെ മറികടക്കാനുള്ള ശ്രമമാണ് പ്രാദേശികചരിത്രരചന. നാട്ടുപാരമ്പര്യങ്ങളും വാമൊഴിവഴക്കങ്ങളും പ്രാദേശിക ഉപാദാനങ്ങളും ചേര്ന്ന് ജനകീയ ജ്ഞാനവ്യവസ്ഥിതിയിലൂടെ രൂപംപ്രാപിക്കുന്നതാണ് പ്രാദേശികചരിത്രം.
ഉപാദാനസ്വീകരണത്തിന്റെയും സമീപനരീതിയുടെയും വ്യത്യാസമാണ് പ്രാദേശികചരിത്രത്തെ ദേശീയചരിത്രത്തിൽനിന്ന് വ്യത്യസ്തമാക്കുന്നത്.അതിനാൽ മുഖ്യധാരാചരിത്രരചനയുടേതിൽനിന്ന് ഭിന്നമായ ഒരു രീതിശാസ്ത്രം പ്രാദേശികപഠനത്തിന് ആവശ്യമായി വരുന്നു. വ്യത്യസ്തവിഷയമേഖലകളില്നിന്നുള്ള വിവിരശേഖരണവും വിവിധ വിജ്ഞാനസങ്കേതങ്ങളുപയോഗിച്ചുള്ള വിശകലനവും നിഗമനരൂപീകരണത്തിന് ആവശ്യമാണ്. ഒരു പ്രദേശത്തെ ചരിത്രസാംസ്കാരിക വസ്തുതകളെ സമഗ്രമായി അപഗ്രഥിക്കുവാന് ഏതെങ്കിലുമൊരു രീതിശാസ്ത്രത്തിലൂടെ സാദ്ധ്യമല്ല. അതിന് വിവിധ പഠനസമ്പ്രദായങ്ങളും വ്യത്യസ്തരീതികളും ആവശ്യമായി വരുന്നു.
പശ്ചിമകൊച്ചിയുടെ ചരിത്രസാംസ്കാരികപാരമ്പര്യത്തെക്കുറിച്ചുള്ള പഠനം പ്രദേശപഠനത്തോടൊപ്പം അവിടുത്തെ സമൂഹത്തിന്റെ രൂപപ്പെടലുകളെക്കുളിച്ചുള്ള അപഗ്രഥനം കൂടിയാണ്. മുഖ്യധാരാചരിത്രത്തിൽ പാർശ്വവത്കരിക്കപ്പെട്ട പശ്ചിമകൊച്ചിയെ പ്രദേശികചരിത്രപഠനത്തിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്.
ചരിത്രശേഷിപ്പുകൾ, പൈതൃകങ്ങൾ, ലിഖിതരേഖകൾ, സ്ഥലനാമങ്ങൾ, നാട്ടുപാരമ്പര്യങ്ങൾ, വാമൊഴിവഴക്കങ്ങൾ, പ്രാദേശികദത്തങ്ങൾ എന്നീ മുഖ്യഉപാദാനങ്ങളോടൊപ്പം ചരിത്രകൃതികളേയും പ്രാദേശികരേഖകളെയും ആശ്രയിച്ചിട്ടുള്ള പഠനമാണു വേണ്ടത്.
പശ്ചിമകൊച്ചിയെ സവിശേഷമായി പ്രതിപാദിക്കുന്ന സമഗ്രപഠനങ്ങള് വിരളമാണ്. കെ.പി. പത്മനാഭമേനോന്റെ ‘കൊച്ചി രാജ്യചരിത്രം’, വി.വി.കെ. വാലത്തിന്റെ ‘കേരളത്തിലെ സ്ഥലനാമചരിത്രങ്ങള് എറണാകുളം ജില്ല’, റോബര്ട്ട് ബ്രിട്ടോയുടെ ‘കൊച്ചിന് സാഗ’, ഗോപി പി.കെ.യുടെ ‘കൊച്ചിയും പൈതൃകസ്മാരകങ്ങളും’ എന്നിവയിലെല്ലാം പശ്ചിമകൊച്ചി പരാമര്ശവിധേയമാകുന്നുണ്ട്. ഇവയെ കുടാതെ ഏതാനും പ്രാദേശിക രചനകളും നിലനില്ക്കുന്നു.
1341ല് പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തന്റെ ഫലമായി ഇന്ത്യയിലെ പ്രാചീന തുറമുഖമായ മുസിരിസ് അധ:പതിക്കുകയും പുതിയ അഴിയായ കൊച്ചി രൂപപ്പെടുകയും ചെയ്തു. തോട്, കായൽ, കടൽ എന്നിവയാൽ സമ്പന്നമായ ഈ പ്രദേശം മത്സ്യബന്ധനത്തിന് അനുയോജ്യമായിരുന്നു. അതിനാൽ ഇവിടുത്തെ ആദ്യകാലകുടിയേറ്റക്കാർ മുക്കുവരായിരുന്നു. തുടർന്ന് വിവിധ വിഭാഗക്കാർ ഈ പ്രദേശത്തെത്തുകയും ജീവനമാർഗങ്ങൾ വൈവിധ്യമാകുകയും ചെയ്തു. അതോടെ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും പശ്ചിമകൊച്ചിയിലെ പ്രധാന നഗരങ്ങളായി മാറി. ആദൃകാല രാജഭരണത്തിനും തുടർന്നുവന്ന വൈദേശികഭരണങ്ങൾക്കും ശേഷം വ്യവസ്ഥാപിതമായ സ്വയംഭരണത്തിലേക്കും ജനാധിപത്യവ്യവസ്ഥിതിയിലേക്കും ഭരണസംവിധാനത്തിന് പരിവർത്തനം സംഭവിച്ചു. പരമ്പരാഗതമത്സ്യബന്ധനവും ജലഗതാഗതവും രൂപപ്പെടുത്തിയ പ്രാദേശികത നവീനവാണിജ്യവ്യാപാര സാധ്യതകളിലേക്ക് വളർന്നു. ഇതിലുടെ പശ്ചിമകൊച്ചിപ്രദേശം ലോകഭൂപടത്തിൽ അനിഷേധ്യമായ സ്ഥാനം നേടിയെടുകയും ചെയ്തു. എന്നാൽ സമകാലിക പശ്ചിമകൊച്ചിയാകട്ടെ പ്രതാപം നഷ്ടപ്പെട്ട ചരിത്രനഗരിയാണ്. സ്വാതന്ത്ര്യാനന്തരം കേരളവും എറണാകുളം ജില്ലയും രൂപീകൃതമായതോടെ ഇവിടുത്തെ വ്യാപാരവ്യവസായങ്ങൾ നവീനസാധ്യതകൾ തേടി ദ്വീപിനുപുറത്തേയ്ക്കു നീങ്ങിയതും ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതും ജില്ലയുടെ ആസ്ഥാനം എറണാകുളമാക്കിയതും ഈ പ്രദേശത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തി. പൈതൃക സ്മാരകങ്ങളും അവയോടനുബന്ധിച്ച് വളർന്ന ടൂറിസവുമാണ് ഇന്ന് ഈ പ്രദേശത്തെ നിലനിർത്തുന്നത്.
(തുടരും)
littnow
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
SUNIL KUMAR NS
January 15, 2022 at 5:56 am
It is a knowledgeable one. Thank you