ലേഖനം
കീഴാളസ്വത്വാന്വേഷണത്തിൻ്റെ സഞ്ചാരപഥങ്ങൾ
ഡി.പ്രദീപ് കുമാർ
കരിക്കോട്ടക്കരി
(നോവൽ): വിനോയ് തോമസ്
പേജ് 128, വില 130 രൂപ
ഡി.സി.ബുക്സ്
വിനോയ് തോമസിൻ്റ ആദ്യ നോവലാണ് കരിക്കോട്ടക്കരി.2014-ലെ ഡി.സി. കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൃതിയായ ഇതിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കരിക്കോട്ടക്കരി ഉത്തര മലബാറിൽ ഇരിട്ടിക്കടുത്ത ഒരു കുടിയേറ്റ ഗ്രാമമാണ്: തിരുവിതാംകൂറിൽ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ അധ:സ്ഥിതരായ നവക്രൈസ്തവരുടെ, പുലയരുടെ കാനൻ ദേശം.
അവിടുത്തെ അധികാരത്തിൽ കുടുംബത്തിൻ്റെ ആദിപിതാമഹൻ ഒരു പേർഷ്യക്കാരനായിരുന്നുവത്രെ. അദ്ദേഹത്തിന് ഒരു നമ്പൂതിരി യുവ തിയിലുണ്ടായ മക്കളിൽ നിന്നാരംഭിക്കുന്നു, ഈ അഭിജാത കുടുംബ ചരിത്രം…നല്ല നിറവും ഉയരമുമുള്ളവർ. വംശശുദ്ധി കാത്തു സൂക്ഷിച്ച ഈ കുടുംബത്തിൽ,ഫീലിപ്പോസിൻ്റേയും റോസയുമ്മയുടേയും മകനായി പിറന്നു വീണു,ഒരു കറുമ്പൻ കുട്ടി .അവൻ്റെ മാമോദീസ ചടങ്ങിന് കുഞ്ഞേപ്പു വല്ല്യപ്പൻ പള്ളിയിൽ പോയില്ല.അവന് ഇറാനിമോസ് എന്ന് പേരിട്ടു. കുട്ടിയെ കണ്ട ബന്ധുക്കളും നാട്ടുകാരും അവനെ കരിക്കോട്ടക്കരിക്കാരനായി ചാപ്പ കുത്തി.
ഇറാനിമോസിൻ്റെ ജീവിതം സ്വത്വാന്വേഷണമായിരുന്നു. അപ്പനിൽ നിന്നും, സഹോദരനിൽ നിന്നും, കുടുംബ പാരമ്പര്യത്തിലൂറ്റം കൊള്ളുന്ന ബന്ധുക്കളിൽ നിന്നുമൊക്കെ, നിറത്തിൻ്റെ പേരിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ടഅയാൾ തൻ്റെ ജൻമരഹസ്യങ്ങൾ തേടി നടത്തുന്ന തിരച്ചിലിൻ്റെ കഥയാണിത്.പല അടരുകളുണ്ട്,ഈ ജീവിതാഖ്യാനത്തിന്.
നരകതുല്യമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട കീഴാളരുടെ ജീവിതത്തിൽ ക്രിസ്ത്യൻ മിഷനറിമാർ ചെലുത്തിയ സ്വാധീനത്തിലൂടെ, നടന്ന മലബാറിലേക്കുള്ള കുടിയേറ്റത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മാനമാണ് ഇതിൽ ഏറ്റവും പ്രധാനം. സ്വന്തം കൃഷിസ്ഥലം, കിടക്കാടം, അപമാനവീകരണത്തിൽ നിന്നുള്ള മോചനം തുടങ്ങിയ ഭൗതിക നേട്ടങ്ങൾക്കായി, മതം മാറുമ്പോഴും തലമുറമായി രക്തത്തിലലിഞ്ഞു ചേർന്ന ചില സാംസ്കാരിക മുദ്രകൾ കൂടെ കൊണ്ടു പോകുന്നവരുടെ പ്രതിസന്ധികൾ ഒരു വശത്ത്. അവരുടെ കറുപ്പ് നിറം എന്ന അശുദ്ധി എവിടെയും പിന്തുടരുന്നതിൻ്റെ സ്വത്വ പ്രതിസന്ധി മറുവശത്ത്.
നാടൻ ചാരായം വാറ്റുന്ന മങ്കുറുണിയോ നാച്ചനാണ് തൻ്റെ ജാരപിതാവെന്ന് ഇറാനി മോസ് വിശ്വസിച്ചു.അപ്പൻ വിലക്കിയിട്ടും, കരിക്കോട്ടക്കരിക്കാരനായ പുലയ ക്രിസ്ത്യാനിയായ സഹപാഠി സെബാസ്റ്റ്യനെ ഉറ്റ സുഹൃത്താക്കി. അവൻ്റെ വീട്ടിൽ നിന്ന് ഏറെ രുചിയോടെ വാട്ടുകപ്പയും പോത്തിൻ്റെ പോട്ടിയും കഴിച്ചു…
ക്രിസ്ത്യാനിയായിട്ടും, ജാതിസ്വത്വം സെബാസ്റ്റ്യനെയും പിന്തുടരുന്നുണ്ട്. കുടിയേറ്റ മലയോര ജീവിതത്തിൻ്റെ എല്ലാ അംശങ്ങളിലേക്കും ഇറങ്ങി ചെല്ലുന്ന പച്ചയായ, ധീരമായ ആഖ്യാനങ്ങളാണ് ഈ നോവലിൻ്റെ മറ്റൊരു തലം.സെബാസ്റ്റ്യനുമായി അയാൾക്കുള്ളത് മാനസിക അടുപ്പം മാത്രമല്ല: അവർ സ്വവർഗ്ഗ രതി ലീലകളിലുമഭയം കണ്ടെത്തുന്നുണ്ട്.സ്വന്തം സഹോദരനായ സണ്ണി ച്ചേട്ടായിയാണ് അവനെ ‘എ’ പടങ്ങളും, സിനിമാ നടിയുടെ കുളിസീനും കാണാൻ കൊണ്ടു പോകുന്നത്.
കുടിയേറ്റ ജീവിതത്തിൻ്റെ വന്യതകളിലേക്ക് ആഴത്തിൽ സഞ്ചരിക്കുന്ന ആഖ്യാനങ്ങളാൽ സമ്പന്നമാണ് ഈ നോവൽ .ഇറാനിയോസിൻ്റെ അപ്പൻ കുട കു വനത്തിൽ പന്നിവേട്ടക്ക് പോകുന്നതിൻ്റേയും, കരിക്കോട്ടക്കരിയിലെ വടംവലി മത്സരത്തിൻ്റേയും,കപ്പവാട്ട് കല്ലാണത്തിൻ്റെയും,ജോണിപ്പാപ്പൻ്റെ മീൻ വേട്ടയുടെയും വിവരണങ്ങൾ വായനയെ മറക്കാത്ത അനുഭവങ്ങളാക്കാൻ ത്രാണിയുള്ളവയാണ്.
അഗമ്യഗമനങ്ങൾ അനവധി.അവസാനം, ദുഃഖവെള്ളിയാഴ്ച രാത്രി, സ്വന്തം സഹോദരി എമിലി ചേച്ചിയുമായുള്ള രതി ലീല കയ്യോടെ പിടിച്ച വല്യപ്പച്ചൻ അമ്മയോട് പഞ്ഞതിങ്ങനെ: ”അവൻ്റെ മുന്നീന്ന് മാറി നില്ക്ക് .ഈ കരിമ്പൊലയനു് അമ്മേം പെങ്ങളുമില്ല”.
അയാൾ എത്തിയത് കരിക്കോട്ടക്കരിയുടെ മോശയായ നിക്കോളാസച്ചൻ്റെ അടുത്തേക്ക്. ആഢ്യരുടെ സല്ക്കാരങ്ങൾ നിരസിച്ച്, ആലപ്പഴയിലെ പുലയരുടെ ചാളകളിൽ വിരുന്നുപോയ ഈ വിദേശ പാതിരിയാണ് തെരുവപ്പുല്ലുകൾ നിറഞ്ഞ കാലാങ്കി മലയിലെ കരിക്കോട്ടക്കരിയിലേക്ക് ഇവരെ മാമോദീസ മുക്കി കൊണ്ടുവന്നത് .
സ്വന്തം ഭൂമിയിൽ വിയർപ്പൊഴുക്കി നൂറു മേനി വിളയിച്ച് ,ആഹ്ലാദത്തോടെ അവിടെ കഴിഞ്ഞവർക്ക് നിക്കോളാച്ചൻ വിമോചകനായിരുന്നു.നിസ്വരെ സ്നേഹിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഈ ഇടയൻ അവിസ്മരണീയ കഥാപാത്രമാണ്.
അയാൾ അച്ചൻ്റെ സഹായിയായി ഒപ്പംചേർന്നു.പക്ഷേ, അപ്പോഴും അയാൾ അസ്വസ്ഥനായിരുന്നു.ക്രിസ്ത്യാനിയാകാതെ നിന്ന ചാഞ്ചൻ വല്യച്ചൻ എന്ന ജീവസ്സുറ്റ മറ്റൊരു കഥാപാത്രമുണ്ട്, കരിക്കോട്ടക്കരിയിൽ. സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ട തൻ്റെ കാരണവൻമാർക്കും മക്കൾക്കും കരിങ്കോഴിയുടെ തലയറുത്ത്, കുരുതി ചെയ്യുന്നുണ്ട്,അയാൾ.
ഒരിക്കൽ നാട് ഭരിച്ച ചേരമരുടെ പിൻഗാമികളാണന്ന് നട്ടെല്ല് നിവർത്തി, പ്രഖ്യാപിക്കുന്നുമുണ്ട് ,അയാൾ.
സന്ധ്യാനാമം ചൊല്ലുന്ന മരുമകളോട് വല്യച്ചൻ അലറുന്നതിൽ അയാളുടെ സർവ്വസ്വത്വബോധവും അടങ്ങിയിരിക്കുന്നു: “ചേരമനെവിടാടീ പൊലയാടിച്ചികളെ, നെലവെളക്ക്? “രാമ രാമ” ..ആരാ അവൻ? ചേരമരുടെ കാർന്നോമ്മാരുടെ പേര് ആതന്നെന്നും ആയിന്നും ആതീന്നുമൊക്കെയാ. വിളിക്കുന്നെങ്കി, അവരെ വിളിക്കെടീ”.
ഇറാനിമോസിൻ്റെ അന്വേഷണങ്ങൾക്കവ സാനം,അഭിമാനത്തോടെ അവൻ തിരിച്ചറിഞ്ഞു;താൻ പുലയനാണ്.തൻ്റെ പൂർവ്വപിതാവ് ആലപ്പുഴയിലെ ചേരക്കുടിയിലെ കരിമ്പൻ പുലയനായിരുന്നു! അംബേദ്കറിസ്റ്റ് പുതു രാഷ്ട്രീയോദയത്തിൻ്റെ സൂചനകളിലാണ് നോവൽ അവസാനിക്കുന്നത്.
അങ്ങന,ശക്തമായ രാഷ്ട്രീയ അന്തർധാരയയുള്ള നോവലാണ് ‘കരിക്കോട്ടക്കരി’. തിരുവിതാംകൂറിലെയും ഉത്തര മലബാറിലെയും നാട്ടുഭാഷയുടെ സമന്വയം ആഖ്യാനത്തിന് അപൂർവ്വ ചാരുത നൽകുന്നുണ്ട്. വളച്ചുകെട്ടില്ലാത്ത യഥാതഥാഖ്യാനത്തിൻ്റെ അനർഗ്ഗളമായ ഒഴുക്കിനു് പക്ഷേ, അവസാന അദ്ധ്യായങ്ങളിലെ സംഭാഷണങ്ങൾ വിഘാതം സൃഷ്ടിക്കുന്നണ്ട്.പ്രൊഫഷണൽ നാടകങ്ങളിലെ അതിഭാവുകത്വം നിറഞ്ഞ ഡയലോഗുകൾക്ക് സമാനമാണവ.
littnow
Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക.
littnowmagazine@gmail.com
ലേഖനം
വായനക്കുറിപ്പുകൾ
ലേഖനം
മാനസികാരോഗ്യവും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും
ഡോണ മേരി ജോസഫ്
അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും മാനസിക രോഗവസ്ഥകളോടുള്ള സമീപനത്തിൽ മുൻവിധികൾ തെളിഞ്ഞു കാണാം. തങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് മാത്രം സകല മാനസികപ്രശ്നങ്ങളും നിസാരമാണെന്ന് കരുതുന്ന ആളുകൾ, ചികിത്സ തേടിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ഭയന്ന് ദിനം തോറും രോഗാവസ്ഥ വഷളാകുന്നതിനോട് സ്വയം പൊരുതി തോറ്റു പോകുന്ന മറ്റ് ചിലർ, കൃത്യമായ ചികിത്സയൊഴികെ മണ്ണും മരവും മതവും പൊടിയും വേണ്ടി വന്നാൽ അടിയും ഇടിയും വരെ ഉപയോഗിച്ച് അത്ഭുത രോഗശാന്തിയ്ക്കായി കാത്തിരിക്കുന്ന ഇനിയൊരു വിഭാഗം എന്നിങ്ങനെ ദുരിതക്കുഴിയിൽ നിലകൊള്ളുന്ന ഒരുപാട് പേരുണ്ട്. മനുഷ്യൻ പിറവി കൊള്ളുന്ന നേരം മുതൽ പ്രാണൻ ഇല്ലാതാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ മനോസംഘർഷങ്ങൾ സാധാരണമാണെങ്കിലും ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നതിൽ ഇത്തരം സംഘർഷങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ, ജീവിതത്തിന്റെ സ്വാഭാവിക താളം തെറ്റുന്നുണ്ടെങ്കിൽ എത്രയും വേഗം ഉചിതമായ ഇടത്തു നിന്നും സഹായം തേടേണ്ടതാണ് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കാൾ പ്രാധാന്യം പൊതു സമൂഹത്തിന്റെ ധാരണകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ആരംഭത്തിലേ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടാൻ ഇടയുണ്ട്. ആൾക്കൂട്ടത്തിനു സ്വീകാര്യമായ നിലപാടുകൾക്ക് മാനസികാരോഗ്യ വിദഗ്ധന്റെ കണ്ടെത്തലുകളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം നമ്മുടെ നാട്ടിലെ മാനസികാരോഗ്യ രംഗത്തിനു തന്നെ വെല്ലുവിളിയാണ്. ഇത്തരം നിലപാടുകളും ചികിത്സയിലെ സ്വകാര്യതയെപ്പറ്റിയുള്ള ഭയവും മുതലെടുത്താണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത സ്വയം പ്രഖ്യാപിത ചികിത്സകർ ഇവിടെ തഴച്ചു വളരുന്നത്. പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക് ശേഷം യാഥാർഥ്യബോധം ഏറെക്കുറെ ഇല്ലാതായ അവസ്ഥയിലാകും അസുഖബാധിതരെ കൃത്യമായ ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുന്നത്. രൂക്ഷമായ അവസ്ഥയാണെങ്കിൽ സ്വാഭാവികമായും സൗഖ്യപ്പെടാനോ താത്കാലിക ശമനം ലഭിക്കാനോ കാലതാമസം ഉണ്ടാകാനിടയുണ്ട്. ഇനി അഥവാ ആശ്വാസം ലഭിച്ചാലും തുടർ നടപടികൾക്കോ ചികിത്സാ ക്രമങ്ങൾക്കോ ബന്ധുജനങ്ങൾക്ക് താല്പര്യമുണ്ടാവില്ല. മരുന്നിന്റെ താൽക്കാലിക പാർശ്വഫലങ്ങൾ ഭാവിയിൽ ലഭിക്കാനിടയുള്ള സൗഖ്യത്തെക്കാൾ പലരെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ പ്രശ്നപരിഹാരം പലപ്പോഴും തടസ്സപ്പെടുന്നു. ഒരുപക്ഷെ തുടക്ക കാലഘട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ മികച്ച രീതിയിൽ പരിഹരിക്കാനാവുന്ന പല മാനസിക ബുദ്ധിമുട്ടുകളും അങ്ങേയറ്റം സങ്കീർണമാകുകയും ഫലപ്രാപ്തിയിൽ എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യുന്നു. വിവാഹം, പുതിയ ജോലി, കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ മാനസികപ്രശ്നങ്ങൾക്ക് പരിഹാരമായി വിലയിരുത്തുന്ന ആളുകൾ ഇന്നും പരിഷ്കൃത സമൂഹത്തെ പിന്നോക്കം വലിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. സത്യത്തിൽ ഒരാളെ അയാളുടെ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നവരിലേക്കെത്തിക്കുന്നതിന് പകരം അടുത്ത തലമുറയെക്കൂടെ യാതൊരു ചിന്തയും ഇല്ലാതെ അതേ പ്രശ്നത്തിലേയ്ക്ക് വലിച്ചിടാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യത്വരാഹിത്യം കൂടുതൽ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം മിഥ്യകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മാറി സ്വാതന്ത്രബുദ്ധിയോടെ മാനസികാരോഗ്യത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വേർതിരിച്ചു കാണാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ മനോവ്യാപാരങ്ങളുള്ള, കൃത്യമായ അവബോധമുള്ള, മികച്ച വ്യക്തിത്വത്തിനു ഉടമകളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.
littnowmagazine@gmail.com
ലേഖനം
ഡോക്ടർമാർ വെറും ചെണ്ടകളോ?
ഡോ .അനിൽ കുമാർ .എസ്.ഡി
മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ.
മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ അതിൻ്റെ മാർക്ക് ദൈവത്തിനും വഷളാകുമ്പോൾ അതിൻ്റെ കുറ്റം ഡോക്ടർക്കും നൽകുന്ന കൗശലക്കാരാണ് രോഗിയും കൂട്ടിരിപ്പുകാരും. അതുകൊണ്ട് തന്നെ ഈ തൊഴിലിടം പുതിയ തലമുറയ്ക്ക് അത്ര ആകർഷകമല്ല. രോഗത്തിൻ്റെ നിഗൂഢമായ സഞ്ചാരവും മരുന്നുകളുടെ പ്രതിപ്രവർത്തനവും സാഹചര്യങ്ങളുടെ വക്ര സഞ്ചാരവും ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഡോക്ടർമാരെ തെറിപറഞ്ഞ് സമാധാനിച്ചവർ ഇന്ന് ദേഹോപദ്രവത്തിൻ്റെ കീചക വേഷത്തിലേക്ക് മാറിയിരിക്കുന്നു. മരണം ഒളിച്ചിരിക്കുന്ന രോഗത്തിനൊപ്പം പോരാടുന്ന ഡോക്ടർമാർക്ക് സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡോക്ടറെക്കുറിച്ച് സമൂഹത്തിലുള്ള ചില ദുഷ്പ്രചരണങ്ങളും നല്ല കല്ലുവച്ച നുണകളും അവരെ പഴയ മലയാള സിനിമയിലെ ബാലൻ .കെ .നായരാക്കി.
സിനിമയിൽ ചിലരെ സ്ഥിരം വില്ലന്മാരാക്കുമെന്നപോലെ ചികിൽസാ മേഖലയിലെ സ്ഥിരം വില്ലൻ ഡോക്ടറാണ്.
ആരോഗ്യരംഗം ഭരിക്കുന്നവർ (ഡോക്ടർമാർ ഉൾപ്പെടെ ) തുടങ്ങി പഞ്ചായത്ത് മെമ്പർ വരെ കാണിക്കുന്ന എല്ലാ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും അട്ടിപ്പേറു ചുമക്കുന്നത് ചികിൽസിക്കുന്ന പാവം ഡോക്ടർമാർ. അവരെ കൊലയ്ക്കു കൊടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ബീഭത്സമാണ്.
കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയിൽ ചികിൽസിക്കാതെ ഇരിക്കുക അല്ലെങ്കിൽ തല്ലുവാങ്ങുക എന്ന ദുസ്ഥിതിയിലാണ് ചികിൽസകന്മാരായ ഡോക്ടർമാർ. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന സർക്കാർ രംഗവും കോർപ്പറേറ്റ് ഭീകരന്മാരായ സ്വകാര്യ രംഗവും ഒടുക്കം കൈകഴുകി രക്ഷപെടുന്നു.
ആരോഗ്യരംഗത്തിന് പരിമിതമായ നീക്കിയിരിപ്പാണ് സർക്കാരുകൾ കൊടുക്കുന്നത് .മാത്രമല്ല മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുവാനോ നിരീക്ഷിക്കുവാനോ സർക്കാരുകൾ ശ്രമിക്കുന്നില്ല. ആശുപത്രികളെ കൂടുതൽ നവീകരിക്കാനുള്ള വിഭവശേഷി കണ്ടെത്തുന്നില്ല .കിട്ടുന്ന വിഭവങ്ങൾ അഴിമതിക്കാർ പങ്കിട്ടെടുക്കുന്നു.
ഹെൽത്ത് സർവീസിൽ ഏർപ്പെടുത്തിയ കേഡർ വ്യവസ്ഥ ചികിൽസയുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർമാരെ DMOയും DHS ,സൂപ്രണ്ട് മുതലായ പദവികളിൽ എത്തിക്കുന്നു. ഈ ഡോക്ടർമാർ വരുത്തുന്ന പ്രശ്നങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ആരോഗ്യരംഗത്തിൻ്റെ പാപഭാരം ചികിൽസിക്കുന്നവരുടെ തലയിൽ കെട്ടിവയ്ക്കുന്നു.
സമൂഹത്തിൽ രൂഢമൂലമായി വേരുറച്ച അഴിമതിയിൽ അധികാരിവർഗ്ഗം അഭിരമിക്കുമ്പോൾ അതിൻ്റെ പാപവും ചികൽസകരായ ഡോക്ടർമാർ ചുമക്കേണ്ടിവരുന്നു.
മെഡിക്കലോ സർജിക്കലോ ആയ വിഭാഗങ്ങളിൽ മനസ്സമാധാനമായി ജോലി ചെയ്ത് ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടർമാർക്ക്. അവരെ കല്ലെറിയാനും കൊല്ലാനും സമൂഹം കാത്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ തലമുറയോട് പറയാനുള്ളത് ഒരു കാര്യം മാത്രം . ആത്മാഭിമാനത്തോടെ നിർഭയമായി ജോലി ചെയ്ത് ജീവിക്കണമെങ്കിൽ ഈ തൊഴിൽ തെരഞ്ഞെടുക്കരുത് .ഏതു നിയമത്തിനും സംരക്ഷിക്കാനാവാത്ത ഒരു സോഷ്യൽ സ്റ്റിഗ്മയുടെ ഇരയായി സ്വയം നീറാതെ സുരക്ഷിതമായി അകന്നുപോവുക.
ലിറ്റ് നൗ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ ഉള്ളടക്ക ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.
ലിറ്റ് നൗ ലേയ്ക്ക് താങ്കളുടെ രചനകളും അയക്കൂ… ഒപ്പം ഒരു ഫോട്ടോയും വാട്സാപ് നമ്പരും ചേർക്കാൻ മറക്കാതിരിക്കണം.
littnowmagazine@gmail.com
You must be logged in to post a comment Login