കവിത
നമ്മുടെ വീട്
ഹിന്ദിയിൽ നിന്ന് : നടരാജൻ ബോണക്കാട്
ഹിന്ദി കവിത – ഇന്ദു ജയ്ൻ
എന്റെ സുഹൃത്തെ,
നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന
ഈ കാട് നമ്മുടെ വീടാണ്.
ഉവ്വ്, നമ്മൾ കൈകൾ കോർത്ത്
അടിവച്ചടിവച്ച് നടക്കുന്നു, അല്ലേ?
നീ ബെറികൾ ശേഖരിക്കുന്നു
ഒരു സമഭാഗം എനിക്ക് നൽകുന്നു
ഞാൻ നിന്റെ കയ്യിൽ നിന്നും മുള്ള്
സൂക്ഷിച്ച് വലിച്ചൂരുന്നു
മഴ പെയ്യുമ്പോൾ നാം
അതേ വൃക്ഷത്തിന്റെ ചുവട്ടിൽ
ഓടിച്ചെന്നു നിൽക്കുന്നു
ഇരുട്ടുമ്പോൾ
രാത്രിയുടെ ഭീതിയകറ്റാൻ നാം
ഈണത്തിൽ പാടുന്നു.
പക്ഷേ വീണ്ടും വീണ്ടും
ഒരു കരടി വരുന്നു.
നീ ധൃതിയിൽ മരത്തിൽ കയറുന്നു
ആശ്വാസത്താൽ
നിശ്വാസമുതിർക്കുന്നു.
ഞാൻ ഒരു ശവത്തെപ്പോലെ
നിശ്ചലം കിടക്കുന്നു,
അവന്റെ ശ്വാസത്തിന്റെ
നിമന്ത്രണം കേട്ടുകൊണ്ട്,
വീണ്ടും വീണ്ടും.
പക്ഷേ തീർച്ചയായും നമ്മൾ ഒരുമിച്ചാണ്
ഈ കാട് നമ്മുടെ വീടാണ്.
RASAL
October 5, 2021 at 9:06 am
ഹൃദ്യം